ഗവ. ആശുപത്രിയില്‍ എപിഎല്‍ വിഭാഗക്കാര്‍ക്ക് സൗജന്യ ചികിത്സയില്ല
പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡനന്തര ചികിത്സ തേടുന്ന എപിഎല്‍ വിഭാഗക്കാരില്‍ നിന്നു പണമീടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ളതാണ് സാധാരണക്കാരുടെ ഏക ആശ്വാസം. എന്നാലിത് ഇല്ലാതാക്കുന്നതാണു സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നാണ് സാധാരണക്കാര്‍ ഒന്നടങ്കം പറയുന്നത്.കോവിഡ് മഹമാരിയെത്തുടര്‍ന്നു വരുമാനം ഇല്ലാതായ ആളുകള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും എന്നതില്‍ യാതൊരു സംശവുമില്ല.
എപിഎല്‍ വിഭാഗത്തില്‍ വരുന്ന ഭൂരിഭാഗം പേരും കോവിഡ് അനന്തര രോഗങ്ങള്‍ക്കു ചികിത്സ തേടാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. സര്‍ക്കാര്‍ തീരുമാനപ്രകാരം ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും കാരുണ്യ ബെനവലന്റ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും മാത്രമാണ് കോവിഡനന്തര ചികിത്സ സൗജന്യമായി നല്‍കുക.
ജില്ലയിലെ 70 ശതമാനം കുടുംബങ്ങള്‍ എപിഎല്‍ വിഭാഗത്തിലാണു വരുന്നത്. അതിനാല്‍ ഭൂരിഭാഗം ആളുകള്‍ക്കും ചികിത്സയ്ക്കു പണം നല്‍കേണ്ടിവരും. ജനറല്‍ വാര്‍ഡില്‍ ദിവസം 750 രൂപയും ഐസിയുവില്‍ 1500 രൂപയും വെന്റിലേറ്ററില്‍ 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാ നിരക്ക്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കണമെന്ന ആവശ്യമാണുയരുന്നത്.
കോവിഡ് വന്നതിന് ശേഷമാണ് എല്ലാവരും ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത്്. കാരണം പോസ്റ്റ് കോവിഡ് സിന്‍ഡ്രോമാണ ഇപ്പോല്‍ വില്ലനായി മാറിയിരിക്കുന്നത്.
കോവിഡ് ചികിത്സകളെക്കാള്‍ ചെലവേറിയതാണു കോവിഡ് അനന്തര ചികിത്സകള്‍. കോവിഡിനു ശേഷമുള്ള ന്യുമോണിയ ഗുരുതരമാകാറുണ്ട്. പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്കും കോവിഡിനു ശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാകാറുണ്ട്. പല രോഗികള്‍ക്കും ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ ആവശ്യമായി വരുന്നത് ഈ സമയത്താണ്.വെന്റിലേറ്ററിന്റെ പ്രതിദിന നിരക്ക് 2000 രൂപയായി ഉയര്‍ത്തുന്നതു സാധാരണക്കാരെ സാരമായി ബാധിക്കും. കോവിഡിനു ശേഷം ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നവരുമുണ്ട്. 4800 രൂപ മുതല്‍ 27500 രൂപ വരെയാണ് ഇതിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
കോവിഡനന്തര രോഗങ്ങളുടെ ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി നല്‍കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു. കോവിഡ് ചികിത്സയേക്കാള്‍ ചെലവേറിയതാണ് കോവിഡാനന്തര- അനുബന്ധ രോഗങ്ങളുടെ ചികിത്സ. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റേഷന്‍ കാര്‍ഡിന്റെ നിറം നോക്കാതെ എല്ലാ മനുഷ്യര്‍ക്കും നല്‍കുന്ന സൗജന്യ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. ലോക്ഡൗണ്‍ കൊണ്ടും സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കി ചികിത്സ എടുക്കാന്‍ പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പത്തനംതിട്ട ജില്ലയില്‍ ഇന്നലെ 797 പേര്‍ക്ക് ആണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.. 485 പേര്‍ മുക്തരായി.