വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ? നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍
കൊച്ചി: കോവിഡ് രോഗികളുടെ കേസ് ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോയെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ഗൗരവമേറിയ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന്ന് സര്‍വകക്ഷി യോഗം വിളിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 26നാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി യോഗം വിളിച്ചിരിക്കുന്നത്.
വോട്ടെണ്ണല്‍ ദിനം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തില്‍ മെയ് ഒന്നാം തീയതി അര്‍ധരാത്രി മുതല്‍ രണ്ടാം തീയതി അര്‍ധരാത്രി വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് കൊല്ലം ആസ്ഥാനമായ ലോ എയിഡ് എന്ന സംഘടനയടയിലടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
വോട്ടെണ്ണല്‍ ദിനം രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ ആഘോഷപ്രകടനമെന്ന പേരില്‍ തെരുവുകളില്‍ കൂട്ടുകൂടുമെന്നും ഇത് രോഗവ്യാപനത്തിനു കാരണമാകുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരം ആഘോഷപ്രകടനങ്ങളില്‍ പൊലീസിന് നടപടിയെടുക്കാന്‍ സാധിക്കാതെ വരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യമുണ്ട്. ഹര്‍ജികള്‍ 27നാണ് കോടതി പരിഗണിക്കുന്നത്.