മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; എഞ്ചിന്‍ ഊരിത്തെറിച്ചു
കൊല്ലം: മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. കാറിന്റെ എന്‍ജിന്‍ ഇളകിത്തെറിച്ച് റോഡിലേക്ക് വീണു. കഴിഞ്ഞ ദിവസം വൈകിട്ടോടെ കൊല്ലം ബൈപ്പാസില്‍ മങ്ങാട് പാലം ആരംഭിക്കുന്ന ഭാഗത്തായിരുന്നു അപകടം.
കാവനാടു നിന്നു കൊട്ടിയം ഭാഗത്തേക്കു പോയ കാര്‍ എതിരെ വന്ന രണ്ട് കാറുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാവനാട് ഭാഗത്തു നിന്നു വന്ന കാറിന്റെ എന്‍ജിനാണ് ഇളകിത്തെറിച്ച് റോഡിലേക്ക് വീണത്. ഇടിയുടെ ആഘാതത്തില്‍ കാറുകളുടെ മുന്‍വശം തകര്‍ന്നു.
ഹൈവേ പട്രോളിങ് പൊലീസ് സംഘവും നാട്ടുകാരുമാണ് കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന കുട്ടിയടക്കം കാര്‍ യാത്രികര്‍ക്ക് സാരമായി പരുക്കേറ്റു.
അഗ്‌നിരക്ഷാ സംഘവും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ട കാറുകള്‍ നീക്കം ചെയ്തത്്. അപകടത്തെ തുടര്‍ന്ന് ബൈപാസില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു.