തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും.

ന്യൂഡൽഹി / കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കും. കേരള ഭരണം പിടിക്കാൻ, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ചെയർമാനായ പത്തംഗ മേൽനോട്ട സമിതിയെ ഹൈമാൻഡ് നിശ്ചിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, താരിഖ് അൻവർ, കെ. മുരളീധരൻ, കെ.സി. വേണുഗോപാൽ. വി.എം. സുധീരൻ. കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവർ അംഗങ്ങളായ സമിതിക്കാണ് തെരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതല.
അതേസമയം മുഖ്യമന്ത്രി സ്ഥാനം ആർക്കെന്ന കാര്യത്തിൽ ഇപ്പോൾ ഹൈക്കമാൻഡ് തീരുമാനമെടുക്കില്ല. ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നോട്ടുവച്ചാകില്ല കോണ്‍ഗ്രസും യുഡിഎഫും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുക. മുഖ്യമന്ത്രി ആരെന്ന് നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആണ് തീരുമാനം എടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകേണ്ടത് അനിവാര്യമാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുകയായിരുന്നു. മുസ്ലിം ലീഗ് അടക്കമുള്ള ഘടക കക്ഷികളും ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് വരണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നതാണ്. വൈകീട്ട് രാഹുൽ ഗാന്ധിയുമായി കേരളത്തിലെ നേതാക്കൾ നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും ഉമ്മന്‍ചാണ്ടിയുടെ പുതിയ പദവിയുടെ പ്രഖ്യാപനം ഉണ്ടാവുക.
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടാൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. എ.കെ. ആന്റണി കേരളത്തിൽ തങ്ങി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടത്തും. സ്ഥാനാർഥി നിർണയത്തിൽ ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടലാകും ഉണ്ടാവുക. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരുന്നു. രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.