സർക്കാർ ആശുപത്രികളിൽ പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ചു
സർക്കാർ ആശുപത്രികളിൽ നിന്നും ഉയരുന്ന വ്യാപകമായ പരാതികളെ തുടർന്ന് ആരോഗ്യവകുപ്പ് പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ചു. ആശുപത്രികളിലെ ആഭ്യന്തര പ്രശ്നങ്ങളും പ്രവർത്തനക്കുറവും പരിഹരിക്കുന്നതാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ചട്ടപ്രകാരം രൂപീകരിച്ച സമിതിക്ക് മുൻ അഡിഷണൽ നിയമ സെക്രട്ടറി എൻ. ജീവൻ അധ്യക്ഷനായിരിക്കും. മുൻ ചീഫ് കൺസൾട്ടന്റും പൊലീസ് സർജനും ആയിരുന്ന ഡോ. പി.ബി. ഗുജറാൽ, ന്യൂറോളജിസ്റ്റും കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ലീഗൽ സെൽ ചെയർമാനുമായ ഡോ. വി.ജി. പ്രദീപ്‌കുമാർ എന്നിവരാണ് മറ്റു അംഗങ്ങൾ.
ആശുപത്രികളിൽ ഉപകരണക്ഷാമം മൂലമുള്ള ശസ്ത്രക്രിയാ തടസ്സങ്ങൾ, ഉപകരണങ്ങൾ കാണാതാകുന്നത്, വിവിധ വകുപ്പുകളിലെ ആഭ്യന്തര പ്രശ്നങ്ങൾ, എച്ച്ഒഡിമാരുടെയും ഡോക്ടർമാരുടെയും പരാതികൾ തുടങ്ങി വിവിധ വിഷയങ്ങൾ ഇനി സമിതിയുടെ പരിഗണനയ്ക്ക് വിധേയമാകും.
സർക്കാർ മെഡിക്കൽ കോളജുകളിലെ എച്ച്ഒഡിമാരുടെ പരസ്യ പ്രതികരണങ്ങളും തുടർന്ന് ഉണ്ടായ വിവാദങ്ങളും പശ്ചാത്തലമായാണ് ആരോഗ്യവകുപ്പ് പരാതി പരിഹാര സമിതി പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചത്.
Tag; Grievance Redressal Committee reorganized in government hospitals