രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം പുതിയതലങ്ങളിലേക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കങ്ങള്‍ക്ക് വിരാമമായില്ല. പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ മാറ്റിയതിന്റെ പ്രതിഫലനം കൂടുതല്‍ കാണുന്നത് രാജസ്ഥാനില്‍. തനിക്ക് അര്‍ഹമായ പരിഗണനവേണമെന്ന ആവശ്യവുമായി സച്ചിന്‍ പൈലറ്റ് രംഗത്തെത്തിയതോടെ ദേശീയനേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് തന്നെ തീര്‍ത്തും അവഗണിക്കുകയാണെന്ന സച്ചിന്‍ പൈലറ്റിന്റെ പരാതിക്ക് വര്‍ഷങ്ങളുടെ കാലപ്പഴക്കമുണ്ട്. സച്ചിന്‍ പൈലറ്റിനെ മുന്നില്‍ നിര്‍ത്തിയാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ ജയിച്ചത്. എന്നാല്‍ ഭരണം പിടിച്ചതോടെ സച്ചിനെ മാറ്റി നെഹ്‌റു കുടുംബത്തിന്റെ സ്തുതിപാഠകനായ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കുകയാണ് ചെയ്തത്. ഇതില്‍ പരിഭവിച്ച സച്ചിനെ വാഗ്ദാനങ്ങള്‍ നല്‍കി കൂടെ നിര്‍ത്താനും കോണ്‍ഗ്രസിനായി. എന്നാല്‍ തനിക്ക് വാഗ്ദാനം ചെയ്തതൊന്നും പാലിച്ചില്ലെന്നു സച്ചിന്‍ തുറന്നടിച്ചു.
രാജസ്ഥാന്‍ ഭരണം സച്ചിന്റെ പിന്തുണയില്ലെങ്കില്‍ പാതിവഴിയില്‍ നഷ്ടപ്പെടുമെന്നായതോടെ ഹൈക്കമാന്‍ഡ് വീണ്ടും രംഗത്തിറങ്ങി. എന്നാല്‍ കാലങ്ങളായി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ സേവിച്ച തന്നെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞ നെഹ്‌റു കുടുംബത്തിനോട് അവസാന വിലപേശലിന് ഇന്ദ്രപ്രസ്ഥത്തിലെത്തിയിരിക്കുകയാണ് സച്ചിന്‍. രാഹുലുമായി മാരത്തണ്‍ ചര്‍ച്ച നടത്തിയെങ്കിലും സച്ചിന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇന്നലെ പാര്‍ട്ടിമാറിവന്ന സിദ്ദുവിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കാമെങ്കിലും തന്റേതും നടപ്പിലാക്കണമെന്ന് തീര്‍ത്തുപറഞ്ഞിരിക്കുകയാണ് സച്ചിന്‍. സിദ്ദുവിനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പ് നേരിട്ടാല്‍ കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടുമെന്ന് നേതൃത്വത്തോട് പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഇതിനെ അവഗണിച്ച് രാഹുലും പ്രിയങ്ക വദ്രയും മുന്നോട്ടു പോവുകയാണ്. ഇതേ സൂചന രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ കാര്യത്തിലും നല്‍കിയിരുന്നു.
എന്നാല്‍ തങ്ങളുടെ കുടുംബമാഹാത്മ്യം പാടി നടക്കുന്ന ഒരാളെ ഒഴിവാക്കാന്‍ സഹോദരങ്ങള്‍ക്ക് തീരെ താത്പര്യമില്ല. ഗെഹ്‌ലോട്ടാണ് തിരഞ്ഞെടുപ്പിന് മുന്നില്‍ നില്‍ക്കുന്നതെങ്കില്‍ രാജസ്ഥാനില്‍ പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച പൈസ പോലും കിട്ടില്ലെന്ന് ഹൈക്കമാന്‍ഡിനോട് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിട്ടുണ്ട്.
ഗെഹ്‌ലോട്ടിനെ മാറ്റിയില്ലെങ്കില്‍ മധ്യപ്രദേശില്‍ കമല്‍നാഥിന് സംഭവിച്ചപോലെ ഗെഹ്‌ലോട്ടിനും സംഭവിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പൈലറ്റിന്റെ അടുത്ത സുഹൃത്തും ഇപ്പോഴത്തെ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ വഴി പൈലറ്റിനെ ബിജെപിയിലെത്തിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്.