ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമോ ?

മയക്കുമരുന്നു കള്ളക്കടത്തു കേസില്‍ ബംഗലൂരുവില്‍ പിടിയിലായ മുഹമ്മദ് അനൂപുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കുള്ള അടുത്ത ബന്ധം ഉണ്ടെന്നു വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഇളയ മകനായ ബിനീഷ് കോടിയേരിയോടൊപ്പം കുമരകത്തുള്ള ഒരു റിസോര്‍ട്ടില്‍ വച്ച് മുഹമ്മദ് അനൂപടക്കം ഒരു സംഘമാളുകള്‍ എടുത്ത ചിത്രം ഫേസ്ബുക്കില്‍ നിന്നു ലഭിച്ചതടക്കം ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതിനിടെ മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസും രംഗത്ത് വന്നിട്ടുണ്ട്.
തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായി അനൂപിനുള്ള ബന്ധം സംബന്ധിച്ച ചില തെളിവുകൾ നർക്കോട്ടിക് ബ്യൂറോക്ക് ലഭിച്ചത് എൻ ഐ എ ക്ക് കൈമാറിയിരുന്നു. ഇതോടെ ബിനീഷ് കോടിയേരിയാണ് സ്വപ്‌നയടക്കം സ്വര്‍ണകടത്തു കേസിലെ പ്രതികളെ ബംഗലൂരുവിലെത്താന്‍ ഒത്താശ ചെയ്തതെന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്. ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആര്‍ രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ ടി റമീസിന്റെ നമ്പരും കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയെ പല തവണ വിളിച്ചിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. ആ ഫോണ്‍കോളുകള്‍ ബിനീഷിനെയാണോ അതോ കോടിയേരി ബാലകൃഷ്ണനെ തന്നെയാണോ എന്ന കാര്യം ആണ് സ്ഥിരീകരിക്കാനുള്ളത്.
കൊച്ചിയിലെ ലഹരി പാര്‍ട്ടികളിലൊക്കെ സജീവമായിരുന്ന മുഹമ്മദ് അനൂപ് ഒരു വര്‍ഷം മുമ്പാണ് താവളം ബെംഗളൂരുവിലേക്കു മാറ്റുന്നത്. സിനിമ സീരീയല്‍ മേഖലകളിലേക്ക് ലഹരിമരുന്നുകള്‍ നല്‍കുന്നത് അനൂപ് മുഹമ്മദാണെന്നും കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് അനൂപിന്, സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് ഇത് സൂചന നൽകുന്നത്. എന്‍ഐഎ അനൂപിനെ ചോദ്യം ചെയ്യും. കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വര്‍ണ്ണ കടത്ത് അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാവുകയാണ്. സ്വപ്‌നാ സുരേഷുമായും അനൂപിന് ബന്ധമുണ്ടെന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വര്‍ണ്ണ കടത്തിന് വേണ്ട പണം സ്വരൂപിക്കാന്‍ ഇയാളുടെ സഹായവും തേടിയിട്ടുണ്ടെന്നാണ് വിവരം. മയക്ക് മരുന്ന് ലോബിയുമായുള്ള ബന്ധങ്ങളാണ് സ്വര്ണക്കടത്തിന്റെ വിവരങ്ങൾ ചോരാൻ കാരണമായത്.
സ്വര്‍ണക്കടത്തു പിടിക്കപ്പെട്ട ഉടന്‍ കുടുംബത്തോടൊപ്പം ഒളിവില്‍പോയ സ്വപ്‌നയും ഇവര്‍ക്കൊപ്പം കൂടിയ സന്ദീപ് നായരും ബെംഗളൂരു ഒളിത്താവളമായി തിരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. ഇതിനിടെയാണ് അനൂപ് മയക്ക് മരുന്ന് കേസിൽ പിടിയിലാകുന്നത്. കൊച്ചിയില്‍ നിന്നു വാഹനത്തില്‍ കര്‍ണാടക അതിര്‍ത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടര്‍ന്നതായി സ്വപ്‌നയുടെ മൊഴിയിൽ തന്നെ പറയുന്നുണ്ട്. സ്വര്‍ണക്കടത്തിനു കൂടുതല്‍ പണം സ്വരൂപിക്കാന്‍ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്തുന്ന വിവരം ചോര്‍ന്നതെന്നു പ്രതികള്‍ പലരും മൊഴി നല്‍കിയിരുന്നതുമാണ്.
അതേസമയം, മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ് ആരോപിച്ചു. ”ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്. ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവിൽ മയക്ക് മരുന്ന് വിൽപനയുണ്ട്. കുമരകത്തെ നൈറ്റ് പാർട്ടിയിൽ അനൂബും ബിനീഷും പങ്കെടുത്തിരുന്നു. ജൂലൈ 10 ന് അനൂബിനെ ബിനീഷ് കൊടിയേരി പല തവണ വിളിച്ചു. അന്നാണ് സ്വപ്ന അറസ്റ്റിലായത്”. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെടുന്നതായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.കെ ഫിറോസ് പറഞ്ഞിട്ടുണ്ട്.