Kerala NewsLatest NewsPoliticsUncategorized

മണിക്കൂറുകൾ നീണ്ട പ്രതിഷേധങ്ങൾക്ക് അവസാനം; പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനൽകി ഉമ്മൻ ചാണ്ടി

കോട്ടയം: പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ഉറപ്പുനൽകി ഉമ്മൻ ചാണ്ടി. മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച്‌ കോൺഗ്രസ് പ്രവർത്തകർ അതോടെ പിരിഞ്ഞു. നേമത്ത് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ട് സീറ്റുകളിൽ മത്സരിക്കുമോ എന്ന കാര്യമെല്ലാം കേന്ദ്ര നേതൃത്വമാണ് പറയേണ്ടതെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയെ നേമത്ത് പരിഗണിക്കുന്നുവെന്ന വാർത്തകളെ തുടർന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വീടിന് മുന്നിലേക്ക് കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. പുതുപ്പള്ളിയിൽ തന്നെ ഉമ്മൻചാണ്ടിയെ മത്സരിപ്പിക്കണമെന്നും നേമത്തേക്ക് വിട്ടുതരില്ലെന്നും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. വൈകാരിക പ്രകടനങ്ങളും അരങ്ങേറി. മീനടം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ജസ്റ്റിൻ ജോൺ ഇക്കാര്യം ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന് മുന്നിൽ അദ്ദേഹത്തിന്റെ വലിയ കട്ടൗട്ടും പ്രവർത്തകർ സ്ഥാപിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളയിൽനിന്ന് മാറി മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് സ്ഥലത്തെത്തിയ കെ.സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

മണിക്കൂറുകൾക്കു ശേഷം ഈ പ്രതിഷേധങ്ങളിലേക്കാണ് ഡൽഹിയിലെ സ്ഥാനാർത്ഥി ചർച്ചകൾക്കുശേഷം ഉമ്മൻ ചാണ്ടി എത്തിയത്. ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ അദ്ദേഹത്തിന് നൽകിയത്. തുടർന്ന് കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം ജില്ലയിലെ നേതാക്കൾ എന്നിവരുമായി ഉമ്മൻ ചാണ്ടി അരമണിക്കൂർ നീണ്ട ചർച്ച നടത്തി. ചർച്ചക്കുശേഷം പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുമെന്ന് ‍ഉമ്മൻ ചാണ്ടി അറിയിക്കുകയായിരുന്നു. ഇതോടെ ആഹ്ലാദ പ്രകടനങ്ങളോടെ പ്രവർത്തകർ പിരിഞ്ഞുപോകുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button