കോവിഡ് ഭയന്ന് ബന്ധുക്കള്‍ ഉപേക്ഷിച്ചു, ഹിന്ദു യുവാവിന്‍റെ അന്ത്യകര്‍മങ്ങള്‍ നടത്തിയത് മുസ്ലിം സഹോദരങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് ബാധിച്ച് മരിച്ച ഹിന്ദു യുവാവിെന്റ അന്ത്യ കര്‍മങ്ങള്‍ നടത്തയത് രണ്ട് മുസ്ലിം സഹോദരങ്ങള്‍. സംസ്ഥാനത്തെ പെഡ്ഡ കോഡപ്ഗല്‍ മണ്ഢലിലിലെ കടപള്ളി ഗ്രാമത്തിലാണ് സംഭവം.
കോവിഡ് ബാധിച്ച് മരിക്കുന്ന ആളുകളെക്കൊണ്ട് ശ്മശാനങ്ങളും ശവസംസ്കാര കേന്ദ്രങ്ങളും നിറഞ്ഞു കവിയുന്നതിനിടെ രോഗം പകരുമോ എന്ന ഭയം കാരണം ബന്ധുക്കള്‍ പോലും മൃതദേഹം ഏറ്റെടുക്കാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. ഇതിനിടെയാണ് മത വിവേചനമില്ലാതെ രണ്ട് മുസ്ലിം യുവാക്കള്‍ മൃതദേഹം ഏറ്റെടുത്ത് സംസ്കരിച്ചത്.
മൊഘുളിയ എന്നയാളുടെ അന്ത്യ കര്‍മങ്ങളാണ് മുസ്ലിം ചെറുപ്പക്കാര്‍ നടത്തിയത്. കുറച്ച് ദിവസം മുമ്ബാണ് അദ്ദേഹം അസുഖ ബാധിതനായത്. പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അസുഖം കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി മൊഘുളിയയെ ഭാന്‍സുവാടയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.
എന്നാല്‍, വൈറസ് ബാധയേല്‍ക്കുമോ എന്ന ഭയം കാരണം മൊഘുളിയയുടെ മൃതദേഹം ഏറ്റെടുക്കാനോ അന്ത്യകര്‍മങ്ങള്‍ നടത്താനോ കുടുംബാംഗങ്ങള്‍ തയാറായില്ല. ഇതിനെ തുടര്‍ന്നാണ് ശാഫി, അലി എന്ന രണ്ട് മുസ്ലിം സഹോദരങ്ങള്‍ മൊഘുളിയയുടെ ശേഷക്രിയ നടത്താം എന്നേറ്റത്. ആംബുലന്‍സ് സേവനം നടത്തുന്ന ഇരുവരും കൂടി മൃതദേഹം ആശുപത്രിയുടെ തന്നെ സംസ്കാര കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയും ഹിന്ദു ആചാര പ്രകാരം കര്‍മങ്ങള്‍ നിര്‍വഹിക്കുകയുമായിരുന്നു.