കേരളത്തില്‍ പിടിച്ചെടുത്ത തോക്കുകള്‍: അന്വേഷണ സംഘങ്ങള്‍ അങ്കലാപ്പില്‍
കൊച്ചി: കുറച്ചു ദിവസങ്ങളായി വ്യാജ ലൈസന്‍സിന്റെ പിന്‍ബലത്തില്‍ തോക്കുമായി വിലസുന്നവര്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കേരളത്തിന്റെ സുരക്ഷ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ ഏല്‍പിച്ചതുപോലെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നതെന്നുവേണം കരുതാന്‍. തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍ നിന്നുമായി ഏകദേശം രണ്ടു ഡസന്‍ തോക്കുകളാണ് കേരള പോലീസ് പിടികൂടിയത്.
എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ പോകുന്ന വാഹനത്തിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നാണ് ഇത്രയും തോക്കുകള്‍ പിടികൂടിയത്. തലസ്ഥാനത്തു നിന്നും കൊച്ചിയില്‍ നിന്നും പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത് കശ്മീരിലെ രജൗരിയില്‍ നിന്നാണ് എന്നതാണ് ഇവിടെ എടുത്തുപറയേണ്ടത്. ഇത് വ്യാജ ലൈസന്‍സാണെന്ന് കേരള പോലീസ് പറയുന്നുണ്ട്.
കേരളത്തില്‍ തീവ്രവാദികളുടെ റിക്രൂട്ടിംഗ് നിര്‍ബാധം തുടരുന്നുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റയടക്കമുള്ള മുന്‍ ഡിജിപിമാര്‍ പറയുമ്പോള്‍ അതിനെ തള്ളാനുള്ള വ്യഗ്രത മാത്രമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ആയുധ മാഫിയ കേരളത്തില്‍ സുരക്ഷിതമായി തങ്ങളുടെ ഗോഡൗണ്‍ പടുത്തുയര്‍ത്താം എന്നു കരുതിയിട്ടുണ്ടെങ്കില്‍ അതിന് സര്‍ക്കാരില്‍ നിന്നും ഒത്താശ ലഭിച്ചിട്ടുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയും കേരളത്തില്‍ വ്യാജലൈസന്‍സുള്ള തോക്കുമായി വിലസുന്നവര്‍ പിടിയിലാകും എന്നാണ് പോലീസ് വിശ്വസിക്കുന്നത്.
കേരളത്തില്‍ പിടിയിലായ തോക്ക് മുതലാളികളെ ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ ക്യൂ നില്‍ക്കുകയാണ്. ഐബിയും റോയും എന്‍ഐഎയുമെല്ലാം സംസ്ഥാന സര്‍ക്കാരിന് വര്‍ഷങ്ങളായി നല്‍കുന്ന മുന്നറിയിപ്പ് ഒരു വിഭാഗത്തിനെ തൃപ്തിപ്പെടുത്താന്‍ മാത്രം അവഗണിക്കപ്പെടുകയാണുണ്ടായത്. ആടു മേയ്ക്കാന്‍ സിറിയയിലേക്കും അഫ്ഗാനിലേക്കുമെല്ലാം കേരളത്തില്‍ നിന്നാളുകള്‍ പ്രവഹിക്കുമ്പോള്‍ അതെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.
വ്യാജ ലൈസന്‍സിന്റെ മറവില്‍ നിറതോക്കുമായി നടക്കുന്നവര്‍ എങ്ങിനെ ഇവിടെ സുഖസുന്ദരമായി വിഹരിക്കുന്നു എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. ഇത്തരക്കാര്‍ ആര്‍ക്കെതിരെ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ ആയുധം പ്രയോഗിച്ചേക്കാം. ഇക്കാര്യത്തില്‍ കേരള പോലീസും ഭീതിയുടെ മുള്‍മുനയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന പോലെയാണ് സര്‍ക്കാരിന്റെ പെരുമാറ്റം.
ഇത്രയും തോക്കുകള്‍ എവിടെ നിന്നു കേരളത്തിലെത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ആര്‍ക്കുമായിട്ടില്ല. രജൗരി ജില്ല മജിസ്‌ട്രേറ്റായി ഒരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ചുതലയിലിരിക്കുമ്പോഴാണ് വ്യാജ ലൈസന്‍സുകള്‍ വ്യാപകമായി നല്‍കിയതെന്നാണ് കേരള പോലീസ് കണ്ടെത്തിയിരിക്കുന്നത്. രജൗരിക്കു പുറമെ അദ്ദേഹം ചുമതലയിലുണ്ടായിരുന്ന ശ്രീനഗര്‍, ഉദംപൂര്‍, അനന്ത്‌നാഗ്, ബാരമുള്ള, പുല്‍വാമ, ഷോപ്പിയാന്‍, ദോഡ, ജമ്മു, ന്യൂഡല്‍ഹി, നോയിഡ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ വ്യാജലൈസന്‍സുകള്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണ്.
ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെയും ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ അറിവായിട്ടില്ല. 3000 തോക്കുകളും അത്രയും വ്യാജലൈസന്‍സുകളും രാജ്യമൊട്ടാകെ എത്തപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
തിരുവനന്തപുരത്ത് വിമുക്തഭടന്മാര്‍ പ്രകടിപ്പിച്ച സംശയമാണ് ഇത്തരമൊരു വന്‍ ആയുധവേട്ടയിലേക്ക് കേരള പോലീസിനെ എത്തിച്ചത്. തോക്ക് പിടിക്കാനറിയാത്തവരാണ് പണമടങ്ങിയ വാഹനത്തിന് അകമ്പടി പോകുന്നതെന്ന് ഉദാഹരണ സഹിതം വിമുക്തഭടന്മാര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് തയാറായതോടെയാണ് വന്‍ ആയുധവേട്ടയ്ക്ക് കളമൊരുക്കിയത്. വ്യാജ ലൈസന്‍സുമായി പിടിയിലായ 24 പേരും കശ്മീരി സ്വദേശികളാണെന്നത് ഇക്കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്.
കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണനകള്‍ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചതോടെ തീവ്രവാദികള്‍ സുരക്ഷിത താവളങ്ങളിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് വിവിധ അന്വേഷണ ഏജന്‍സികളും ഈ രംഗത്തെ വിദഗ്ധരും സര്‍ക്കാരുകളോട് സൂചിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കേരളത്തില്‍ കശ്മീരികള്‍ ജോലിക്കായി എത്തിയത് കേരളം വിഘടനവാദികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണെന്ന നിശ്ചയത്തോടെയാണോ എന്ന കാര്യത്തില്‍ മാത്രം ഉത്തരം ലഭിച്ചാല്‍ മതി.