Kerala NewsLatest NewsUncategorized

ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിലേക്ക്; ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരികെ അടക്കാൻ ദേവസ്വത്തിന് താൽപര്യമില്ല

തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയ പത്തുകോടി രൂപ തിരിച്ചടക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. മുതിർന്ന അഭിഭാഷകൻ ചെന്നൈയിലെ ആര്യാമസുന്ദരം മുഖേനയാണ് ഹർജി. 2018, 2020 വർഷങ്ങളിൽ അഞ്ചുകോടി രൂപ വീതമാണ് ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ചത്. ഇതിനെതിരെ ബി.ജെ.പി. നേതാവ് എ. നാഗേഷിന്റെ ഹർജിയിലായിരുന്നു തുക തിരിച്ചടയ്ക്കാനുള്ള ഹൈക്കോടതി വിധിയുണ്ടായത്. ദേവസ്വത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചില ഹൈന്ദവസംഘടനകൾ ആക്ഷേപമുന്നയിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. എ.നാഗേഷിനെ കൂടാതെ ഹിന്ദു ഐക്യവേദിയും ക്ഷേത്രസംരക്ഷണസമിതിയും ദേവസ്വത്തിനെതിരേ ഹർജി നൽകിയിരുന്നു.

ദേവസ്വംതുക ഗുരുവായൂരപ്പന്റേതാണെന്നും ക്ഷേത്രസംബന്ധിയില്ലാത്തവയ്ക്ക് ആ പണം ചെലവഴിച്ചുകൂടായെന്നുമാണ് ഹൈക്കോടതി വിധിയിൽ പറയുന്നത്. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഹർജി നൽകാനുള്ള തീരുമാനത്തിനെതിരെ ദേവസ്വം ഭരണസമിതിയിൽ വിയോജിപ്പുണ്ടായിരുന്നു. ക്ഷേത്രം ഊരാളനും സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്ബൂതിരിപ്പാട് ഭരണസമിതിയുടെ നിലപാടിനോട് വിയോജിച്ചു. എന്നാൽ മറ്റുള്ള അംഗങ്ങൾ എൽ.ഡി.എഫ് സർക്കാർ നിയമിച്ചവരാണ്. ഇവരാണ് സുപ്രീംകോടതിയിൽ ഹർജി നൽകാനുള്ള തീരുമാനമെടുത്തത്.

1978-ൽ ആണ് ദേവസ്വം നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ചില ദുരന്തങ്ങൾ വന്നുചേരുമ്ബോൾ നിയമത്തിൽ മാത്രം അടയിരിക്കാതെ കാര്യങ്ങളെ വിശാലമായി കാണേണ്ടതുണ്ടെന്നാണ് ദേവസ്വം വിലയിരുത്തുന്നത്. ദേവസ്വംതുകയിൽനിന്ന് മുൻവർഷങ്ങളിലും പലകാര്യങ്ങൾക്കായി സംഭാവന നൽകിയത് വിവാദമായിട്ടുണ്ട്. ലക്ഷംവീട് പദ്ധതിക്കുവേണ്ടി അരക്കോടി രൂപ നൽകിയതും സോവനീറിൽ പരസ്യം നൽകിയതുമായിരുന്നു നേരത്തേ വിവാദമായത്. അന്നും കോടതി ഇടപെട്ട് തുക തിരിച്ചടയ്ക്കാൻ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ, അന്ന് വിധിയെ ചോദ്യംചെയ്ത് മേൽക്കോടതിയെ സമീപിച്ചിരുന്നില്ല. തുക ദേവസ്വത്തിൽ തിരിച്ചടക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button