Kerala NewsLatest NewsLocal NewsNews

ഗുരുവായൂര്‍ സത്യഗ്രഹ സ്മരണകള്‍ നവതിയുടെ നിറവില്‍

തൃശൂര്‍: കേരളത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഗുരുവായൂര്‍ സത്യഗ്രത്തിന് ഇന്ന് 90 വര്‍ഷം തികഞ്ഞു. 1931 നവംബര്‍ ഒന്നിനാണ് ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചത്. ജാതികടന്നശുദ്ധമാക്കിയ ഭാര്‍ഗവക്ഷേത്രത്തിന്റെ ശുദ്ധികലശത്തിനുള്ള സഹനസമരമുഖമായിരുന്നു അത്.

ഭാരതകേസരി മന്നത്ത് പത്മനാഭനും കേരളഗാന്ധി കെ. കേളപ്പനുമായിരുന്നു അമരക്കാര്‍. വി.ടി. ഭട്ടതിരിപ്പാട്, ടി. സുബ്രഹ്‌മണ്യന്‍ തിരുമുമ്പ്, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, കെ. മാധവമേനോന്‍, പി. കൃഷ്ണപിള്ള, മൊയ്യാരത്ത് ശങ്കരന്‍, എന്‍.പി. ദാമോദര മേനോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ.കെ. ഗോപാലനായിരുന്നു വളണ്ടിയര്‍ ക്യാപ്റ്റന്‍. എന്‍എസ്എസും എസ്എന്‍ഡിപിയോഗവും പുലയ മഹാസഭയും യോഗക്ഷേമസഭയും കൈകോര്‍ത്ത ചരിത്രസമരം.

സത്യഗ്രഹം പത്ത് മാസം പിന്നിട്ടപ്പോള്‍ കേളപ്പനും മന്നവും നിരാഹാരം തുടങ്ങി. ഗാന്ധിജിയുടെ നിര്‍ദേശമനുസരിച്ച് ഒക്ടോബര്‍ രണ്ടിന് സമരം താത്കാലികമായി അവസാനിപ്പിച്ചു. സത്യഗ്രഹത്തിനിടെ പി. കൃഷ്ണപിള്ള നാലമ്പലത്തിനകത്ത് പ്രവേശിച്ച് സോപാനത്തിലെ മണിയടിച്ചത് സംഘര്‍ഷത്തിനിടയാക്കി. കൃഷ്ണപിള്ളക്ക് മര്‍ദനമേറ്റു. സമരാനുകൂലികളും യാഥാസ്ഥിതികരും തമ്മിലുള്ള കായികമായ ഏറ്റുമുട്ടലിന് ഇത് കാരണമാവുകയും ചെയ്തു.

സത്യഗ്രഹത്തെ തുടര്‍ന്ന് നടന്ന ഹിത പരിശോധനയില്‍ ജാതി ഭേദമില്ലാതെ പൊന്നാനി താലൂക്കിലെ 77 ശതമാനം ഹിന്ദുക്കളും ക്ഷേത്രപ്രവേശനത്തെ അനുകൂലിക്കുകയാണുണ്ടായത്. വിജയിച്ചില്ലെങ്കിലും ജാതി വിവേചനത്തിനും അയിത്തത്തിനുമെതിരെ ശക്തമായ വികാരമാണ് സത്യഗ്രഹം സൃഷ്ടിച്ചത്. പിന്നെയും നാല് വര്‍ഷം കഴിഞ്ഞ് 1936ല്‍ തിരുവിതാംകൂറില്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം നടത്തിയ ശേഷമാണ് ഗുരുവായൂരിലും എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിച്ചത്.

മുദ്രാവാക്യത്തിന്റെ പ്രകമ്പനമില്ലാതെ, നാരായണ നാമങ്ങള്‍ മാത്രമാണ് സത്യഗ്രഹ സമരഭൂമിയില്‍ മുഴങ്ങിയത്. ക്ഷേത്ര തിരുമുറ്റം കളങ്കപ്പെടുത്തുന്ന യാതൊന്നുമില്ലാതെ നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭമായിരുന്നു അത്. പുലര്‍ച്ചെ നിര്‍മാല്യത്തിനു ക്ഷേത്ര നട തുറക്കുമ്പോള്‍ തുടങ്ങുന്ന സത്യഗ്രഹം അത്താഴപ്പൂജ കഴിഞ്ഞു നടയടയ്ക്കുന്നത് വരെയായിരുന്നു. സത്യഗ്രഹത്തിനെത്തുന്നത് കുളിച്ച് വെള്ളവസ്ത്രം ധരിച്ച സത്യഗ്രഹഭടന്മാര്‍.

അവരുടെ നാവില്‍ മുഴങ്ങുന്നത് ഹരേ കൃഷ്ണ ഹരേ കൃഷ്ണ മന്ത്രോച്ചാരണങ്ങള്‍ മാത്രം. നവംബര്‍ 21ന് ഗുരുവായൂര്‍ ഏകാദശിക്ക് പുലര്‍ച്ചെ 3.30 മുതല്‍ രാത്രി ഒമ്പത് വരെ ജലപാനമില്ലാതെ കെ. കേളപ്പനും ഭടന്മാരും സത്യഗ്രഹം നടത്തി. ഇന്ന് ജാതിഭേദമില്ലാതെ എല്ലാവര്‍ക്കും ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കാരണമായ അന്നത്തെ സത്യഗ്രഹത്തിന്റെ അനുസ്മരണത്തിനായി ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്ന ചടങ്ങ് ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button