ആ ‘ചെറിയെ’ സ്പാനര്‍ ഇങ്ങെടുത്തേ…സ്പെയര്‍ പാര്‍ട്‌സില്‍ ‘ഷാജി പാപ്പന്‍’ !
സ്പെയര്‍ പാര്‍ട്‌സ് ഉപയോഗിച്ച് ജയസൂര്യയുടെ ഷാജി പാപ്പന്‍ കൊളാഷ് തയ്യാറാക്കിയിരിക്കുകയാണ് ചിത്രകല ആധ്യാപകനായ കാരശ്ശേരി നെല്ലിക്കാപറമ്പ് സ്വദേശിയായ പ്രവീണ്‍ സോപാനം. വെറും 3 മണിക്കൂര്‍ സമയം ചെലവഴിച്ച് സ്പാനര്‍, സ്‌ക്രൂ, നട്ട്,ബോള്‍ട്ട് എന്നിവ ഉപയോഗിച്ച് കൊണ്ടാണ് വീടിന്റെ ഒന്നാം നിലയില്‍ നിലത്ത് ഈ കൊളാഷ് ഒരുക്കിയിരിക്കുന്നത്. ആട് 2 എന്ന ചിത്രത്തിലെ ഷാജി പാപ്പന്റെ രൂപമാണ് യുവാവ് സ്‌പെയര്‍ പാര്‍ട്‌സുപയോഗിച്ചു വരച്ചെടുത്തത് .
ഇലസ്ട്രേഷന്‍ ആന്‍ഡ് കൊളാഷ് മിക്സഡ് രീതിയിലാണ് നട്ടും ബോള്‍ട്ടും സ്പാനറുമെല്ലാം ഉപയോഗിച്ച് ഇത് ചെയ്തിരിക്കുന്നത് . ഇതിനുമുന്നെ ഉപയോഗശൂന്യമായ പേന കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ എഴുതാവുന്ന മഷി പേന നിര്‍മ്മിച്ച് ലോക റെക്കോര്‍ഡില്‍ ഇടം നേടിയിട്ടുണ്ട് ഈ അധ്യാപകന്‍ . ശില്പകല, മ്യൂറല്‍ പെയിന്റിംഗ്, കാരിക്കേച്ചര്‍, കൊളാഷ്, ആര്‍ട്ട് പെയിന്റിംഗ് എന്നിവ കൂടാതെ കലാസംവിധാനം, സംവിധാനം, തുടങ്ങിയ മേഖലയിലും പ്രവീണിന് പ്രാവീണ്യം ഉണ്ട് ..
പ്രവീണ്‍ നിലവില്‍ മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ്. തന്റെ സ്‌കൂളില്‍ അബ്ദുല്‍ കലാമിന്റെ അര്‍ദ്ധ കായികപ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. മാളുകളിലും പാര്‍ക്കുകളിലും ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നതിന് പുറമെ കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലും ശില്പകലയും ചെയ്ത വ്യക്തിയാണ് പ്രവീണ്‍ .
ഈ കൊളാഷ് ഏറ്റവും ഇഷ്ടപ്പെട്ട ചലച്ചിത്ര താരമായ ജയസൂര്യ ഒന്ന് കാണണമെന്നതായിരുന്നു ഈ യുവാവിന്റെ ഏറ്റവും വലിയ ആഗ്രഹം. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ച സന്തോഷത്തിലാണ് പ്രവീണ്‍. ജയസൂര്യ ചിത്രം പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലായിരുന്നു . ഇത്തമൊരു കൊളാഷ് നിര്‍മ്മിക്കുവാനുള്ള തീരുമാനത്തിന് പിന്നില്‍ ജയസൂര്യയോടുള്ള ആരാധനയാണ് .