ശബരിമലയില്‍ പ്രസാദത്തിന് ഹലാല്‍ ശര്‍ക്കര
ശബരിമല: ശബരിമല സന്നിധാനത്തില്‍ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നത് ഹലാല്‍ ശര്‍ക്കര. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍ ആണ് ശബരിമലയില്‍ എത്തുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്നാണ് ശബരിമലയിലേക്ക് ശര്‍ക്കര വാങ്ങുന്നത്. ഹലാല്‍ മുദ്ര പതിപ്പിച്ച പഴകിയ ശര്‍ക്കര ലേലത്തിലൂടെ ദേവസ്വം ബോര്‍ഡ് മറിച്ച് വില്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ ബാക്കി വന്ന ഭക്ഷ്യ യോഗ്യമല്ലാത്ത ശര്‍ക്കരയാണ് നശിപ്പിച്ചു കളയാതെ ലേലത്തില്‍ വിറ്റത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്വകാര്യ കമ്പനിക്കാണ് ഇത്തവണയും ശര്‍ക്കര എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍.
കഴിഞ്ഞ വര്‍ഷം എത്തിച്ച ശര്‍ക്കര പഴകിയത് മൂലം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ ലേലത്തിലൂടെ മറിച്ചു വില്‍ക്കുകയും ചെയ്തിട്ടുണ്ട്. പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം. കിലോയ്ക്ക് 16.30 രൂപയ്ക്കാണ് പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് മറിച്ചു വിറ്റത്. 36 രൂപയ്ക്ക് വാങ്ങിയ ശര്‍ക്കരയായിരുന്നു ഇത്.