ഹലാല്‍ ശര്‍ക്കര: കോടതിക്ക് മുന്നില്‍ ഉത്തരംമുട്ടി ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമലയില്‍ പ്രസാദ നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കോടതിക്കുമുന്നില്‍ ഉത്തരം മുട്ടി ദേവസ്വം ബോര്‍ഡ്. ശബരിമല അയ്യപ്പ സേവ സമാജം ദേശീയ വൈസ് ചെയര്‍മാന്‍ എസ്.ജെ.ആര്‍. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് ദേവസ്വം ബോര്‍ഡ് കുറ്റങ്ങള്‍ ഏറ്റുപറഞ്ഞത്. ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2019ല്‍ ഹലാല്‍ ശര്‍ക്കര ശബരിമലയില്‍ വാങ്ങി എന്ന് ദേവസ്വം വക്കീല്‍ കോടതിയില്‍ സമ്മതിച്ചു.
പിന്നീട് ബാക്കി വന്ന ഉപയോഗശൂന്യമായ ശര്‍ക്കര നിയമപ്രകാരം നശിപ്പിക്കുന്നതിന് പകരം മറിച്ച് വിറ്റു എന്നും സമ്മതിച്ചു. കേരള ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പ് ഉപയോഗ ശൂന്യമെന്ന് ഏതെങ്കിലും ഭക്ഷണപദാര്‍ത്ഥം കണ്ടാല്‍ അവര്‍ തന്നെ അത് നശിപ്പിച്ച് കളയെണമെന്ന നിയമം പാലിക്കാഞ്ഞത് വലിയ ക്രിമിനല്‍ കുറ്റമാണ്. ദേവസ്വം സെക്രട്ടറി, കേരള ഫുഡ് ആന്‍ഡ്് സേഫ്റ്റി കമ്മീഷണര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ തുടങ്ങിയവര്‍ ഈ വിഷയം സംബന്ധിച്ച് നാളെ സത്യവാങ്മൂലം സമര്‍പ്പിക്കണം. നാളെ ഉച്ചയ്ക്ക് രണ്ടിന് ഈ കേസ് വീണ്ടും കേള്‍ക്കും.
ഹലാല്‍ ശര്‍ക്കര ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ഉപയോഗിച്ചിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവും സമ്മതിച്ചു. മഹാരാഷ്ട്ര ആസ്ഥാനമായ വര്‍ധന്‍ എന്ന സ്വകാര്യ കമ്പനിയാണ് ശര്‍ക്കര വിതരണം ചെയ്തത്. ശര്‍ക്കര മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിന് വേണ്ടിയാണ് കമ്പനി ഹലാല്‍ മുദ്ര പതിപ്പിച്ചിരുന്നതെന്നാണ് വാസു പറയുന്നത്.
ഭക്ഷ്യയോഗ്യമല്ല എന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി വകുപ്പ് കണ്ടെത്തിയ ശര്‍ക്കര പുനര്‍ലേലം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ടണ്‍ കണത്തിന് ശര്‍ക്കര കെട്ടിക്കിടക്കുന്നത് നശിപ്പിച്ചുകളയാന്‍ ബോര്‍ഡിന് സാധിക്കില്ലെന്നാണ് പറഞ്ഞത്. ഭക്ഷ്യയോഗ്യമല്ലാത്ത ശര്‍ക്കര എങ്ങനെ വീണ്ടും വില്‍ക്കാന്‍ സാധിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയതുമില്ല. 36 രൂപയ്ക്ക് 2019ല്‍ വാങ്ങിയ ശര്‍ക്കര ഇപ്പോള്‍ 16.30 രൂപയ്ക്കാണ് മറിച്ചു വിറ്റത്.
കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ശബരിമല അയ്യപ്പനോടും ഭക്തജനങ്ങളോടും അതുവഴി ഹൈന്ദവ സമാജത്തോടും കൊടും വഞ്ചനയാണ് കാണിക്കുന്നതെന്ന് എസ്.ജെ.ആര്‍. കുമാര്‍ ആരോപിച്ചു.
ശബരിമലയില്‍ ഹലാല്‍ ശര്‍ക്കരയെത്തിച്ചത് ഹിന്ദുക്കളോടുള്ള വെല്ലുവിളിയാണ്. ശബരിമലയെയും മറ്റ് എല്ലാ ക്ഷേത്രങ്ങളേയും സംരക്ഷിക്കണമെന്നും ഹിന്ദുവിന്റെ അവകാശങ്ങളേയും അഭിമാനത്തെയും കാക്കാന്‍ ഓരോരുത്തരും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.