കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഒത്തുക്കളി

കൊച്ചി: കൊവിഡ് രോഗി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ കളമശേരി മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒത്തുക്കളിക്കുകയാണെന്ന് ആരോപണം. മരണം ജീവനക്കാരുടെ അനാസ്ഥ കാരണമല്ലെന്ന് മെഡിക്കല്‍ കോളേജ് വാദിക്കുമ്പോള്‍ ഇതിന് വിപരീതമായാണ് ഹാരിസിന്റെ കുടുംബത്തിന്റെ വാദം.
ഇപ്പോള്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ഇതുവരെയും മെഡിക്കല്‍ കോളേജ് അധികൃതര്‍ തങ്ങളോട് പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. മാത്രമല്ല ശ്വാസകോശത്തില്‍ അണുബാധയെന്നാണ് അറിയിച്ചിരുന്നത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി ഹാരിസോ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരോ പറഞ്ഞിരുന്നില്ല. ഉടനെ ഐസിയുവില്‍ നിന്നും മാറ്റാനാകുമെന്നാണ് അറിയിച്ചത്. ഇതിനിടെയാണ് മരണം സംഭവിച്ചത്. ആരെയോ രക്ഷപെടുത്താനാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ നീക്കമെന്നും ഹാരിസിന്റെ കുടുംബം കുറ്റപ്പെടുത്തി.
അതേസമയം ഹാരിസിന്റെ മരണം ഓക്‌സിജന് കിട്ടാതെയാണ് എന്നുപറയുന്ന നഴ്‌സിങ് ഓഫീസറുടെ ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നത് ശ്രദ്ധിക്കാത്താതാണ് മരണകാരണമെന്ന് വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. മെഡിക്കല്‍ കോളജില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും നഴ്സിംഗ് ഓഫീസര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.