തിരൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് അരക്കോടിയുടെ കഞ്ചാവ് പിടിച്ചു.

മലപ്പുറം / തിരൂരിലെ ഒരു സ്വകാര്യ ലോഡ്ജിൽ എക്സൈസ് നടത്തിയ പരിശോധനയില്‍ 50 കിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടി. കുറക്കത്താണി സ്വദേശി കല്ലന് ഇബ്രാഹിമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് ഇബ്രാഹിം കഞ്ചാവ് മൊത്തവില്പന നടത്തിവരുകയായിരുന്നു. ഇയാള്‍ താമസിച്ചു വന്ന ലോഡ്ജ് മുറിയിലും കാറിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.
പിടികൂടിയ കഞ്ചാവിന് അരക്കോടിയോളം അന്താരാഷ്ട്ര വിപണിയില്‍ വിലയുണ്ട്. ഇയാളിൽ നിന്നും 75,000 രൂപയും എക്സൈസ് കണ്ടെടുത്തിട്ടുണ്ട്. കുറക്കത്താണി സ്വദേശി കല്ലന് ഇബ്രാഹിം ഏറെ കാലമായി ലഹരി വില്പന നടത്തി വരികയാണെന്നാണ് എക്സൈസ് പറയുന്നത്.
തമിഴ്നാട്ടിൽ നിന്ന് ഇയാൾ കഞ്ചാവ് മൊത്ത വിലക്ക് ചാക്ക് കണക്കിനാണ് വാങ്ങാറുള്ളത്. ഇത് കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജിൽ സൂക്ഷിക്കാറാണ് പതിവ്. തിരൂർ, പെരിന്തൽമണ്ണ, എടപ്പാൾ, പാലക്കാട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിൽപ്പനക്കാർ ഇബ്രാഹിമിനെ ഇവിടെ തേടി എത്തും. ഡിമാന്റിനു അനുസരിച്ചുള്ള വിലയിലാണ് ഇബ്രാഹിം കൊടുത്തു വന്നിരുന്നത്. ഇടനിലക്കാർ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരായിരുന്നു എന്നാണ് എക്സൈസ് അധികൃതർ പറയുന്നത്.