ഗസയിലെ സമാധാനകരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന

ഗസയിലെ സമാധാനകരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചനയുണ്ട്. ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടുനിൽക്കുമെന്നും സംഘടനയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ എഎഫ്‌പിയോട് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
അതേസമയം, ഗസയിൽ നിയന്ത്രണം വീണ്ടും ഉറപ്പാക്കാനുള്ള നീക്കവുമായി ഹമാസ് രംഗത്തുണ്ട്. 7,000 സായുധ സേനാംഗങ്ങളെ തിരിച്ചുവിളിച്ചുവെന്നും സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെ നിയമിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസയിലെ ഹമാസിന്റെ പുതിയ ദൃശ്യങ്ങൾയും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധാനന്തരം ഗസയുടെ ഭരണ ചുമതല ആരുടെ കൈകളിലാകും എന്ന അനിശ്ചിതത്വത്തിനിടയിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്.
വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിലും ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട അവ്യക്തത തുടരുന്നു. ഹമാസ് ആവശ്യപ്പെട്ടിരുന്ന മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാനാവില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ബർഗൗട്ടി ഭീകരവാദ സംഘടനാ നേതാവാണെന്നാണ് ഇസ്രയേലിന്റെ നിലപാട്.
നാളെയും മറ്റന്നാളും ബന്ദികളുടെ കൈമാറ്റം പൂർത്തിയാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. കരാറിന്റെ നടപ്പിലാക്കലിനെ നിരീക്ഷിക്കാൻ 200 യുഎസ് സൈനികരെ ഇസ്രയേലിൽ വിന്യസിച്ചിട്ടുണ്ടെന്നും അമേരിക്ക അറിയിച്ചു. സമാധാനകരാറിന്റെ പ്രതീക്ഷയിൽ പതിനായിരക്കണക്കിനാളുകൾ ഗസയിലേക്ക് തിരിച്ചെത്തുകയാണ്.
ഇതിനിടെ, ഗസയിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ തുടങ്ങിയ സംഘടനകൾ വ്യക്തമാക്കി.
Tag: Hamas likely to miss Gaza peace deal signing ceremony