”പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടാതെ തങ്ങൾ ആയുധം താഴെ വെക്കില്ലെന്ന്”; ഹമാസ്
പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടാതെ തങ്ങൾ ആയുധം താഴെ വെക്കില്ലെന്ന് ഹമാസ് വീണ്ടും വ്യക്തമാക്കി. ഹമാസ് ആയുധം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് ദൂതൻ സ്റ്റീവ് വിറ്റ്കോഫ് നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ഹമാസിന്റെ നിലപാട്.
ഗാസയിലെ വെടിനിർത്തൽ ചര്‍ച്ചകളിലെ ഇസ്രായേലിന്റെ പ്രധാന ആവശ്യം ഹമാസിന്റെ നിരായുധീകരണമാണ്. വെടിനിർത്തൽ ഉറപ്പാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായി ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ച മുതലാണ് നിലച്ചിരിക്കുന്നത്.
ഫ്രാൻസ്, കാനഡ എന്നിവ ഉൾപ്പെടെ നിരവധി പാശ്ചാത്യ രാജ്യങ്ങൾ പലസ്തീനെ അംഗീകരിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ, അറബ് രാജ്യങ്ങൾ ഹമാസിനോട് നിരായുധീകരണത്തിനും ഗാസയുടെ നിയന്ത്രണം കൈമാറുന്നതിനും ആവശ്യപ്പെട്ടിരുന്നു. കൂടാതെ, സെപ്റ്റംബർക്കകം ഇസ്രായേൽ ചില വ്യവസ്ഥകൾ പാലിക്കാത്ത പക്ഷം തങ്ങളും പലസ്തീനെ അംഗീകരിക്കുമെന്ന് യുകെ വ്യക്തമാക്കിയിട്ടുണ്ട്.
“ജറുസലേം തലസ്ഥാനമാക്കി ഒരു സ്വതന്ത്രവും പൂർണ്ണ പരമാധികാരവുമായ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടാതെ, പ്രതിരോധത്തിന്റെയും ആയുധങ്ങളുടെയും അവകാശം ഞങ്ങൾ വിട്ടുകൊടുക്കില്ല,” എന്നാണ് ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കിയത്.
അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ വേഗത്തിൽ ഫലപ്രാപ്തിയിലെത്തിക്കാത്ത പക്ഷം, ഗാസയിലെ പോരാട്ടത്തിൽ ശമനം ഉണ്ടാകില്ലെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നൽകി.
Tag: Hamas says it will not lay down its arms until a Palestinian state is established