CinemaKerala NewsLatest NewsNews

‘ദേവാങ്കണങ്ങള്‍ ഈ ജീവിത കാലം മുഴുവന്‍ പാടും’; കൈതപ്രത്തിന്റെ വിമര്‍ശനത്തിന് ഹരീഷ് ശിവരാമകൃഷ്ണന്റെ മറുപടി


സിനിമാ ഗാനങ്ങള്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ് എന്ന കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്‍. ദേവങ്കണങ്ങള്‍ എന്ന ഗാനം ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ്വ സൃഷ്ടിയാണ്. ഈ ഗാനം ജീവിതകാലം മുഴുവന്‍ പാടും എന്നാണ് ഗായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഹരീഷ് ശിവരാമകൃഷ്ണനെ പോലുള്ള ഗായകന്‍മാര്‍ പാട്ടിനെ വലിച്ചു നീട്ടുന്ന പ്രക്രിയയോട് തനിക്ക് താത്പര്യമില്ലെന്നും ദേവാങ്കണങ്ങള്‍ കൈവിട്ട് പാടിയാല്‍ അത് തനിക്ക് ഇഷ്ടപ്പെടില്ലെന്നുമാണ് കൈതപ്രം പറഞ്ഞത്.

ഹരീഷ് ശിവരാമകൃഷ്ണന്റെ കുറിപ്പ്:

‘ദേവാങ്കണങ്ങള്‍’ ശ്രീ യേശുദാസ്, ജോണ്‍സന്‍ മാഷ്, ശ്രീ കൈതപ്രം ദാമോദരന്‍.

ഞാന്‍ 7 ആം ക്ലാസ്സില്‍ പഠിക്കുമ്പോ ആണു ഈ പാട്ട് കാസറ്റില്‍ ആക്കി അച്ഛന്‍ കൊണ്ട് വരുന്നത്. കല്യാണി രാഗത്തിന്റെ ഇതുവരെ കേള്‍ക്കാത്ത മാനങ്ങള്‍ ജോണ്‍സന്‍ മാസ്റ്റര്‍ എന്നാ മഹാനായ സംഗീതജ്ഞന്‍ നമുക്ക് മുന്നില്‍ കാഴ്ചവെച്ച ഈ അപൂര്‍വ സൃഷ്ടിയുടെ രണ്ടാമത്തെ ചരണം ആണു- വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നത്.

എത്ര തവണ ഇതു റിവൈന്‍ഡ് അടിച്ചു കേട്ടു കാണും എന്ന് അറിയില്ല. ദാസേട്ടന്റെ ഗംഭീര ശബ്ദം കര്‍ണാടക ഹിന്ദുസ്ഥാനി ശൈലികളില്‍ അനായാസം പ്രവഹിക്കുന്ന ഈണം. പദ്മശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കള്‍ എത്ര മനോഹരമായി ആണു ആ മീറ്ററില്‍ വരികള്‍ അണിയിച്ചിരിക്കുന്നത്. സംഗീതത്തില്‍ അത്രയും പാടവം ഉള്ള ഒരു കവിക്ക് മാത്രം ചെയ്യാനാവുന്ന ഒന്ന്.

ഇതിനെ ഒരു സിനിമ ഗാനം ആയി മാത്രം കാണുന്നതിനേക്കാള്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ സൃഷ്ടി എന്ന് പറയാതെ വയ്യ. ഇതിനു മുമ്ബും ഈ പാട്ട് പാടാന്‍ ശ്രമിച്ചിട്ടുണ്ട്, ഈ ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. ഓരോ തവണ പാടുമ്പോഴും എനിക്ക് കിട്ടുന്നത് ഒരു പുതിയ അനുഭവം. ജഗന്നാഥന്‍ തമ്ബുരാന്‍ പറയുന്ന പോലെ. ‘അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം, സംഗീതം.’


Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button