Editor's ChoiceKerala NewsLatest NewsLocal NewsNationalNews

മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10% സംവരണം,വിജ്ഞാപനം ഉടൻ.

തിരുവനന്തപുരം/മറ്റു സംവരണങ്ങളൊന്നും ഇല്ലാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്കു സർക്കാർ ജോലിയിൽ 10% സംവരണം നൽകുന്ന ചട്ടഭേദഗതിക്ക് മന്ത്രിസഭ അനുമതി നൽകി. കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് ചാട്ടമാണ് ഇതിനായി ഭേദഗതി ചെയ്യുന്നത്.
വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതലാണ് ഇതിനു പ്രാബല്യം ഉണ്ടാവുക. നിയമവകുപ്പ് അംഗീകരിച്ചാൽ ഒരാഴ്ചയ്ക്കകം വിജ്ഞാപനം പുറപ്പെടുവിക്കും. എന്നാൽ, കെഎഎസ് നിയമനത്തിനടക്കം സാമ്പത്തിക സംവരണം ഉറപ്പാക്കാൻ വിജ്‍ഞാപനത്തിനു മുൻകാല പ്രാബല്യം വേണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട്. സർക്കാർ‌ നിയമനങ്ങൾക്ക് 50% സംവരണമാണ് ഇപ്പോഴുള്ളത്. പട്ടിക വിഭാഗത്തിനും പിന്നാക്ക സമുദായങ്ങൾക്കുമാണ് ഇതു നൽകുന്നത്. ബാക്കി 50 ശതമാനത്തിൽ (ഓപ്പൺ ക്വോട്ട) നിന്നു 10% എടുത്താണ് സാമ്പത്തിക സംവരണത്തിന് അർഹരായവർക്കു നൽകുക.
പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിനായി തയാറാക്കിയ അതേ മാനദണ്ഡങ്ങൾ തന്നെയാകും പിഎസ്‍സി നിയമനത്തിനും കണക്കിലെടുക്കുക. നിലവിൽ സംവരണമില്ലാത്തവരും 4 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ളവരും സംവരണത്തിന് അർഹരാണ്. കുടുംബ ഭൂസ്വത്ത് പഞ്ചായത്തുകളിൽ 2.5 ഏക്കറിലും നഗരസഭകളിൽ 75 സെന്റിലും കോർപറേഷനിൽ 50 സെന്റിലും കൂടരുത്. ആകെ ഭൂവിസ്തൃതി 2.5 ഏക്കറിൽ കൂടരുത്. ഹൗസ് പ്ലോട്ടുകളുടെ ആകെ വിസ്തൃതി നഗരസഭകളിൽ 20 സെന്റിലും കോർപറേഷനിൽ 15 സെന്റിലും താഴെയായിരിക്കണം. അന്ത്യോദയ അന്നയോജന, മുൻഗണനാ റേഷൻ കാർഡുകളിൽ പേരുള്ളവർക്കു മറ്റു മാനദണ്ഡങ്ങൾ നോക്കാതെ സംവരണം ലഭിക്കും.
ഇനി ക്ഷണിക്കുന്ന അപേക്ഷകൾക്കു മാത്രമാണോ അതോ, പ്രസിദ്ധീകരിക്കാനിരിക്കുന്ന റാങ്ക് പട്ടികകൾക്കും കൂടി ഈ സംവരണം ബാധകമാക്കണോ എന്നു വിജ്ഞാപനം വന്നാലേ വ്യക്തമാകൂ. ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രം 2019 ജനുവരിയിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും 10% സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നതാണ്. റിട്ട ജഡ്ജി കെ. ശശിധരൻ നായർ കമ്മിഷന്റെ ശുപാർശകൾ കണക്കിലെടുത്തതാണ് സംവരണത്തിനുള്ള അർഹതാ മാനദണ്ഢങ്ങൾ നിശ്ചയിക്കുന്നത്. തുടർന്ന് ഹയർ സെക്കൻഡറി, വൊക്കേഷനൻ ഹയർ സെക്കൻഡറി, പ്രഫഷനൽ കോളജുകൾ, ദേവസ്വം ബോർഡ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ സാമ്പത്തിക സംവരണം നടപ്പാക്കുകയും ചെയ്യുകയുണ്ടായി. ഇതിനിടെ സംവരണം നടപ്പാക്കാൻ ഉത്തരവിറക്കിയിട്ടും ചട്ടഭേദഗതി വിജ്ഞാപനം ചെയ്യാതെ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് എൻഎസ്എസ് അടക്കം ആരോപണം ഉന്നയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button