“ദയവായി എനിക്ക് നീതി നൽകൂ”; ഹാഥ്‌റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ലഖ്‌നൗ: ഹാഥ്‌റസ് പീഡനക്കേസിലെ പ്രതി ഇരയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി. ഗൗരവ് ശർമ എന്നയാളാണ് തിങ്കളാഴ്ച വൈകീട്ടോടെ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊന്നത്. കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസിൽ ഗൗരവ് ശർമ 2018-ൽ അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം ജയിലിൽകിടന്ന ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.
കഴിഞ്ഞദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങളും തമ്മിൽ വഴക്കുണ്ടായി. ഇതിനുപിന്നാലെ ഗൗരവ് ശർമ പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഹാഥ്‌റസ് പോലീസ് അറിയിച്ചു. ഗൗരവ് ശർമയുടെ കുടുംബാംഗമായ ഒരാളെയാണ് പോലീസ് പിടികൂടിയത്.
അതിനിടെ, കൊല്ലപ്പെട്ടയാളുടെ മകൾ പോലീസ് സ്‌റ്റേഷന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദയവായി എനിക്ക് നീതി നൽകൂ എന്നുപറഞ്ഞാണ് പെൺകുട്ടി കരയുന്നത്. ‘അയാളുടെ പേര് ഗൗരവ് ശർമയെന്നാണ്. ആദ്യം അയാൾ എന്നെ ഉപദ്രവിച്ചു. ഇപ്പോൾ എന്റെ അച്ഛനെ വെടിവെച്ച് കൊന്നു. അയാളും ആറേഴ് പേരും എന്റെ ഗ്രാമത്തിലേക്ക് വരികയായിരുന്നു. എന്റെ അച്ഛന് ആരോടും ശത്രുതയില്ല’- പെൺകുട്ടി പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ഹാഥ്‌റസിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്താകെ വലിയ ചർച്ചയായിരുന്നു. ഇതിനുശേഷവും ഹാഥ്‌റസിൽ പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ അലിഗഢിൽ പെൺകുട്ടിയെ വയലിൽ മരിച്ചനിലയിലും കണ്ടെത്തിയിരുന്നു.