ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ കാലാവധി മെയ് 31 വരെ നീട്ടി
കൊച്ചി: കൊറോണ വ്യാപന പശ്ചാത്തലത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവുകളുടെ കാലാവധി മെയ് 31 വരെ നീട്ടി. ഇടക്കാല ഉത്തരവുകളും ഇടക്കാല ജാമ്യ ഉത്തരവുകളും ചെക്കു കേസുകളിലെ ഉത്തരവുകളുടെയും കാലാവധിയാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് സി.ടി രവികുമാർ, ജസ്റ്റിസ് ഷാജി.പി.ചാലി എന്നിവരടങ്ങിയ ഫുൾ ബഞ്ചാണ് മെയ് 31 വരെ നീട്ടിയത്.
ബുദ്ധിമുട്ടുകളുണ്ടാക്കുന്ന തരത്തിലുള്ള ഏതെങ്കിലും ഉത്തരവുകളുണ്ടെങ്കിൽ അതാതു കോടതികളെ സമീപിച്ചു താൽക്കാലിക ഉത്തരവുകൾ നേടാവുന്നതാണെന്നും കോടതി ഉത്തരവിൽ പറയുന്നു. കക്ഷികളെ ബാധിക്കുന്ന തരത്തിൽ ചെക്കു കേസുകളുടെ ഉത്തരവുകളുണ്ടെങ്കിൽ മെയ് 31 വരെ വിധി നടപ്പാക്കുന്ന പ്രക്രീയകൾ ചെയ്യാൻ പാടില്ല.
ജയിലിൽ കഴിയുന്നവർക്ക് പരോളും ഇടക്കാല ജാമ്യവും നൽകുന്നതിനു മുൻപുള്ള ഉത്തരവു തുടരും. ഇത്തരത്തിൽ ജയിൽ മോചിതരവുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്നു വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകണം. ജയിൽ മോചിതരാവുന്നവർ ലോക്ഡൗൺ കഴിഞ്ഞു മൂന്നു ദിവസത്തിനുള്ളിൽ അതാത് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാവണം.
ജാമ്യ വ്യവസ്ഥകളിൽ ലംഘനമുണ്ടായാൽ അത്തരത്തിലുള്ളവരെ അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കണമെന്നും പോലിസിനും നിർദ്ദേശമുണ്ട്. ലോക്ഡൗൺ കാലാവധി നീട്ടുന്ന സാഹചര്യമുണ്ടായാൽ ഇടക്കാല ഉത്തരവുകളുടെ കാലാവധിയും നീട്ടും. അഭിഭാഷകരും ഗുമസ്തൻമാരും ലോക്ഡൗണിനെ തുടർന്നു ദുരിതത്തിലാണെന്നു ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ഫുൾ ബഞ്ച് മുമ്പാകെ ബോധിപ്പിച്ചു.
ഇതേതുടർന്നു അഭിഭാഷകരുടെയും ഗുമസ്തൻമാരുടെയും യാത്ര ചെയ്യുന്നതിനു ആവശ്യപ്പെട്ടാൽ അനുമതി നൽകണമെന്നു സർക്കാരിനു നിർദ്ദേശം നൽകി. ലോക്ഡൗണുമായി ബന്ധപ്പെട്ടു കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് പരിഗണിച്ചത്. മെയ് 31നു ശേഷം വീണ്ടും കേസ് പരിഗണിക്കും.