ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും പ്രാധാന്യമുണ്ട്; മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഔദ്യോഗിക ഭാഷാ നിയമം കര്‍ശനമായി പിന്തുടരാന്‍ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഹിന്ദി ഭാഷയെ വ്യാപകമായി പിന്തുണയ്ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന് താക്കീതായിട്ടാണ് മദ്രാസ് ഹൈക്കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്.
ലോക്സഭാ എം പി എസ് വെങ്കിടേഷ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി തീരുമാനം പറഞ്ഞത്. ജസ്റ്റിസ് എന്‍ കിരുബാക്കരന്‍, എം ദുരൈസ്വാമി എന്നിവരടങ്ങിയ ഡിസവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
780 നിയമനങ്ങള്‍ നികത്താനായി കേന്ദ്ര സര്‍ക്കാര്‍ എഴുത്തുപരീക്ഷ നടത്തിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ പോലും എഴുത്ത് പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതോടെ ലോക്സഭാ എം പി എസ് വെങ്കിടേഷ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.
തമിഴില്‍ അയച്ച കത്തിന് ഹിന്ദിയിലാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഇതോടെ തനിക്ക് അയച്ച കത്തില്‍ ഹിന്ദി ഭാഷ ഉപയോഗിച്ചതിനാല്‍ തനിക്ക് കത്തിലെ വിശധീകരണം മനസ്സിലായില്ലെന്ന് കാണിച്ചാണ് ലോക്‌സഭാ എം പി ഹൈക്കോടതിയില്‍ പൊതുഹര്‍ജി നല്‍കിയത്.
കേന്ദ്രം ഇനി മുതല്‍ തമിഴ്നാട്ടിലേക്കുള്ള കത്തുകള്‍ ഇംഗ്ലീഷില്‍ എഴുതണമെന്നും ഇന്ത്യയിലെ എല്ലാ ഭാഷകള്‍ക്കും അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും ഹൈക്കോടതി വിധിച്ചു. അതേസമയം ആവശ്യം ഉന്നയിച്ച കത്തിലെ അതേ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നത് സാമാന്യ മര്യാദയാണെന്നും കേന്ദ്രത്തിന്റെ നടപടി തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.