കയ്യിൽ പച്ചകുത്തി സൈന്യത്തിൽ ചേരാൻ സാധിച്ചില്ല ; പതിനേഴുകാരൻ ആത്മഹത്യ ചെയ്തു
കുട്ടിക്കാലം മുതല്‍ത്തന്നെ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു

ചെന്നൈ: കൈയില്‍ പച്ചകുത്തിയതിന്റെ പേരിൽ സൈന്യത്തില്‍ ചേരാന്‍ അവസരം നിഷേധിക്കപ്പെട്ടു . നിരാശയില്‍ 17-കാരന്‍ ജീവനൊടുക്കി. മധുര തത്തനേരി സ്വദേശി ബാലമുരുകന്റെ മകന്‍ യോഗാ സുധീഷാണ് മരിച്ചത്.
മധുരയിലെ സ്വകാര്യകോളേജില്‍ ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥിയാണ്. കുട്ടിക്കാലം മുതല്‍ത്തന്നെ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്ന യോഗാ സുധീഷ് ശാരീരികക്ഷമതാ പരീക്ഷയില്‍ വിജയം നേടാനായി കുറച്ചുകാലമായി പരിശീലനങ്ങള്‍ നടത്തിവരുകയായിരുന്നു.
എന്നാല്‍, അടുത്തിടെ ഈറോഡില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ കൈയില്‍ പച്ചകുത്തിയതുകാരണം അവസരം നിഷേധിക്കപ്പെട്ടു. അതിനുശേഷം മാനസികവിഷമത്തിലായിരുന്ന യോഗാ സുധീഷ് കഴിഞ്ഞദിവസം വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ സെല്ലൂര്‍ പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
He could not join the army after getting a tattoo on his hand; the seventeen-year-old committed suicide.