ഡോ. ഹാരിസ് ഹസനെതിരെ ആരോഗ്യവകുപ്പ്; യൂറോളജി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ശസ്ത്രക്രിയാ ഉപകരണം കാണാതായെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രതിസന്ധി തുറന്നുപറഞ്ഞ ഡോ. ഹാരിസ് ഹസനെതിരെ ആരോഗ്യവകുപ്പിന്റെ ആരോപണം. യൂറോളജി ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ശസ്ത്രക്രിയാ ഉപകരണം കാണാതായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ഒസിലോസ് സ്കോപ്പ് എന്ന ഉപകരണമാണ് കാണാതായത്. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്നാണ് ഈ ഉപകരണം വാങ്ങിയത്. യൂറോളജി ഡിപ്പാർട്ട്മെന്റിലെ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കിയിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലും പറയുന്നു. നഷ്ടപ്പെട്ട ഉപകരണങ്ങളെക്കുറിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുമെന്നും, വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായ കണ്ടെത്തലുകൾ ലഭ്യമാകാത്ത പക്ഷം പൊലീസ് അന്വേഷണം ആവശ്യമായേക്കാമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തുന്നു.
ഡോ. ഹാരിസിന് നൽകപ്പെട്ട കാരണം കാണിക്കൽ നോട്ടീസ് സാധാരണ നടപടിക്രമമാണെന്നും, പെരുമാറ്റചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നൽകിയതെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ടിൽ നിരവധി ശിപാർശകളുണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ടുമാർക്ക് കൂടുതൽ പർച്ചേസിംഗ് അധികാരം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമത്തെക്കുറിച്ച് ഡോ. ഹാരിസ് വിവരമറിയിച്ചിട്ടില്ലെന്ന ആരോഗ്യവകുപ്പ് റിപ്പോർട്ടിലെ വാദം തളർന്നിരിക്കുകയാണ്. ഉപകരണങ്ങൾ ആവശ്യപ്പെട്ട് ഡോ. ഹാരിസ് മാർച്ച് മാസത്തിലും ജൂൺ മാസത്തിലും മെഡിക്കൽ കോളജ് സൂപ്രണ്ടിന് കത്ത് നൽകിയിരുന്നുവെന്ന് പുറത്തുവന്ന രേഖകൾ തെളിയിക്കുന്നു.
Tag; Health Department against Dr. Haris Hasan; Surgical instruments from Urology Department missing, says Health Minister