സ്ത്രീ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം.

സ്ത്രീ സുരക്ഷാ നിയമങ്ങൾ കർശനമായി തന്നെ നടപ്പാക്കണമെന്നു കേന്ദ്ര സർക്കാർ നിദേശം. ഹാഥ്റസിൽ ദലിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ലൈംഗികാതിക്രമ കേസുകളിലെ നടപടിക്രമങ്ങൾ കർശനമാക്കണമെന്നു കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ലൈംഗിഗാതിക്രമ കേസുകളിൽ ഇരയാക്കപ്പെടുന്നവരുടെ മരണമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുന്നില്ലെങ്കിൽ പോലും, അത് തള്ളിക്കളയാൻ പാടില്ലെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ പുതിയ നിർദേശത്തിൽ പറഞ്ഞിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായി നടക്കുന്ന ഏത് തരത്തിലുള്ള അതിക്രമത്തിനും നടപടി എടുക്കണം. പൊലീസ് സ്റ്റേഷൻ പരിധിക്ക് പുറത്ത് നടന്ന കുറ്റകൃത്യം ആണെങ്കിൽ പോലും ‘സീറോ എഫ്.ഐ.ആർ’ രജിസ്റ്റർ ചെയ്യണമെന്നും, പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു. പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസിന് ഈ എഫ്.ഐ. ആർ കൈമാറണം. ഇരയായ വ്യക്തിയുടെ സമ്മതത്തോടു കൂടി 24 മണിക്കൂറിനകം വൈദ്യപരിശോധന നടത്തുക, സ്ത്രീസുരക്ഷയുമായി ബന്ധപെട്ട കേസുകൾ സംസ്ഥാന സർക്കാരുകൾ നേരിട്ട് നിരീക്ഷിക്കുക, കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുക, ബലാത്സംഗ കേസുകളിൽ രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുക, തുടങ്ങിയവയാണ് മറ്റു പ്രധാന നിർദേശങ്ങൾ. ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെടുന്ന ഇരയുടെ മരണമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയില്ലെന്നതോ സാക്ഷികൾ ഒപ്പുവെച്ചില്ലെന്നതോ ആയ കാരണം പറഞ്ഞു ആ മൊഴി അസാധു ആകില്ലെന്നും മൊഴി തള്ളിക്കളയാൻ പാടില്ലെന്നും മാർഗനിർദേശത്തിൽ പറഞ്ഞിട്ടുണ്ട്.