‘അത് ഞാനായിരുന്നെങ്കില്‍ എന്റെ വീട് തകര്‍ക്കുമായിരുന്നില്ലേ സഖാക്കളെ’; മുഖ്യമന്ത്രിക്കെതിരേ വീണ എസ് നായര്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വീണ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോവിഡ് ബാധിതനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഈ മാസം നാല് മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ചുകൊണ്ട് വീണ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരുപം:
എനിക്ക് ഏപ്രില്‍ നാലിന് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് സങ്കല്‍പ്പിക്കുക.ഏപ്രില്‍ നാലിന് ഞാന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നു എന്ന് സങ്കല്‍പ്പിക്കുക.
ഏപ്രില്‍ ആറിന് ജനങ്ങള്‍ക്ക് ഇടയില്‍ ക്യു നിന്ന് വോട്ട് ചെയ്തു എന്ന് സങ്കല്‍പ്പിക്കുക. രോഗബാധിതയായി 10 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തണമെന്ന പ്രോട്ടോക്കോളും കാറ്റില്‍ പറത്തി എന്ന് സങ്കല്‍പ്പിക്കുക, നിങ്ങള്‍ എന്റെ വീട് അടിച്ചു തകര്‍ക്കുകയില്ലായിരുന്നോ സഖാക്കളേ ?
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് യുഡിഎഫ്, ബിജെപി നേതൃത്വവും മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയെന്ന് പറയപ്പെടുന്ന നാലാം തീയതിക്ക് ശേഷം മുഖ്യമന്ത്രി പൊതുയോഗങ്ങളില്‍ പങ്കെടുത്തിരുന്നു. കൂടാതെ വോട്ട് ചെയ്യാനെത്തിയത് നിരവധി പ്രവര്‍ത്തകരോടൊപ്പമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണ കോവിഡ് സ്ഥിരീകരിച്ച ശേഷം പിപിഇ കിറ്റ് ധരിച്ചാണ് വോട്ട് ചെയ്യാനെത്തിയത്.