മഴ കനക്കുന്നു: പമ്പാസ്‌നാനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനാല്‍ കനത്ത ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീവ്രമഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ല കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശബരിമല നട തുറക്കുമ്പോള്‍ കൂടുതല്‍ തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കും. മഴ ശക്തമായതിനാല്‍ നദിയില്‍ കലക്കവെള്ളമാണുള്ളത്. അതിനാല്‍ കുടിവെള്ളത്തിന്റെ കാര്യത്തിലും കുളിക്കാനുള്ള വെള്ളത്തിന്റെ കാര്യത്തിലും ലഭ്യതക്കുറവുണ്ടാവും. അതിനാല്‍ അടുത്ത മൂന്നോ നാലോ ദിവസങ്ങളില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമെടുത്തു.
ജലനിരപ്പ് അപകടകരമായതിനാല്‍ പമ്പാസ്‌നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുത്. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തും. ഭക്തരുടെ എണ്ണം നിയന്ത്രിക്കാന്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് തീയതി മാറ്റി നല്‍കുന്ന കാര്യം പരിഗണിക്കും. മഴക്കെടുതി പ്രയാസം ഉള്ള ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യം അതതു ജില്ല കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം.
അടിയന്തര സാഹചര്യം നേരിടാന്‍ പോലീസും ഫയര്‍ഫോഴ്‌സും സജ്ജരാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീവ്രമഴയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ജില്ല കലക്ടര്‍മാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. മഴ ശക്തമായി തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ പരീക്ഷകളും മാറ്റിവച്ചു.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കാസര്‍ഗോഡ് ജില്ലയില്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. മഹാത്മാഗാന്ധി സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.