സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും, പ്രത്യേകിച്ച് മലയോര മേഖലകളിൽ, ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങളെ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ്, ആലപ്പുഴ തീരങ്ങളിൽ ഉയർന്ന തിരമാലകളും കടലാക്രമണവും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി വിലയിരുത്തുന്നത്. കുറച്ച് സമയത്തിനുള്ളിൽ വലിയ മഴ പെയ്യാനുള്ള പ്രവണത മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിക്കാനിടയാക്കും. നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനിടയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.