ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു; മരണ സംഖ്യ 29 ആയി ഉയർന്നു
ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നതിനാൽ ഡൽഹിയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പഞ്ചാബിൽ പ്രളയക്കെടുതി തുടരുന്ന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം 29 ആയി ഉയർന്നു. സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ശക്തമായി നടക്കുന്നുണ്ട്. 12 ജില്ലകളിലായി രണ്ടര ലക്ഷത്തോളം പേർ പ്രളയത്തിൽ കുടുങ്ങിയിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തിൽ മാത്രം പഞ്ചാബിൽ 253 മില്ലിമീറ്റർ മഴ ലഭിച്ചു, സാധാരണ ലഭിക്കേണ്ടതിനേക്കാൾ 75 ശതമാനം അധികമാണ് ഇത്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും ആവശ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് ഒഡിഷയിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഹിമാചൽ പ്രദേശിലും ജമ്മുവിലുമുളള സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കുള്ള സാധ്യത ഉയർന്നിട്ടുണ്ട്. ഹിമാചലിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Tag: Heavy rains continue in North India; death toll rises to 29