ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴകനക്കുന്നു; ഉത്തർപ്രദേശിലെ 17 ജില്ലകളിലെ 402 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴകനക്കുന്നു. ഉത്തർപ്രദേശിലെ 17 ജില്ലകളിലെ 402 ഗ്രാമങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. മഴക്കെടുതിയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് 12 പേരാണ് മരിച്ചത്. ഗംഗ, യമുനാ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി. വെള്ളപ്പൊക്കം 85000 പേരെ നേരിട്ട് ബാധിച്ചതായാണ് സർക്കാർ കണക്കുകൾ. ഓഗസ്റ്റ് 9 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 9 വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മധ്യപ്രദേശിൽ 252 പേരാണ് മഴക്കെടുതിയിൽ മരിച്ചത്. സംസ്ഥാനത്ത് 128 വീടുകൾ പൂർണമായും നശിച്ചു. 2300 വീടുകൾ ഭാഗികമായും തകർന്നിട്ടുമുണ്ട്. ഹിമാചൽ പ്രദേശിൽ 179 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ1400 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് കണക്കുകൾ.
ഉത്തരാഖണ്ഡിലും കനത്ത മഴ തുടരുന്ന സാഹചര്യമാണ് ഉള്ളത്. ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അളകനന്ദ നദി കര കവിഞ്ഞൊഴുകി. സമീപ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിൽ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുള്ളതിനാൽ. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ആഗസ്റ്റ് 5, 6 തിയ്യതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ആഗസ്റ്റ് 4 മുതൽ 7 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ നാളെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Tag: Heavy rains in northern Indian states; 402 villages in 17 districts of Uttar Pradesh affected by floods