പനമരം ഇരട്ട കൊലപാതകം; സൂചനകളെവിടെ
വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ കുറിച്ച് കാര്യമായ സൂചനകളോന്നും പോലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ നെല്ലിയമ്പത്തെ പത്മാലയത്തില്‍ കേശവനെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയവര്‍ ഒരു മാസം കഴിഞ്ഞിട്ടും കാണാമറയത്താണ്. നിലവില്‍ പ്രദേശത്ത് ക്യാമ്പ് ചെയ്തു കൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടാതെ വീടുമായി ബന്ധമുള്ളവര്‍ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന അനുമാനത്തിലാണ് പോലീസ്. മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി, എസ്പി, നാലു ഡിവൈഎസ്പിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്ത് സംഘങ്ങളായി തിരിഞ്ഞ് പോലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും പ്രതികളിലേക്ക് നയിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ല. അതേസമയം മുഖംമൂടി ധരിച്ച രണ്ടു പേരാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പത്മാവതി പറഞ്ഞിരുന്നു.
തുടര്‍ന്നുള്ള പരിശോധനയില്‍ വീടിനരികിലെ ഏണിയില്‍ നിന്ന് വിരലടയാളവും കൃഷിയിടത്തിലെ കുളത്തില്‍ നിന്ന് രക്തക്കറയുള്ള തുണിയും പൊലീസിന് ലഭിച്ചിരുന്നു. ഇത്തരത്തില്‍ ലഭിച്ച സാഹചര്യ തെളിവുകള്‍ അനുസരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്.
പ്രദേശത്തെ സിസിടിവികളും എണ്‍പതിനായിരത്തോളം ഫോണ്‍ കോളുകളും പരിശോധിച്ചു. അതേസമയം സംഭവത്തിന് പിന്നില്‍ മോഷണ ശ്രമം എന്നാണ് പോലിസിന്റെ അന്നത്തെ പ്രാഥമിക നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി കൃഷിയിടങ്ങള്‍, വയലുകള്‍, കുളങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധിക്കുകയും, സമീപത്തെ കോളനികള്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. പരിശോധനയില്‍ വീടിനുള്ളിലും കേടുപാടുകളും മറ്റും ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. ഡോഗ് സ്‌ക്വാഡ് പരിശോധനയിലും കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല .അതേസമയം 2018 ജൂലായ് ആറിന് നടന്ന കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് സമാനമാണ് നെല്ലിയമ്പം കൊലപാതകവും. കണ്ടത്തുവയല്‍ കൊലപാതകത്തിലും അക്രമിയെക്കുറിച്ച് തുടക്കത്തില്‍ സൂചനകളൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ രണ്ടു മാസത്തിന് ശേഷം, സെപ്തംബര്‍ 18 ന് പ്രതി തൊട്ടില്‍പ്പാലം കാവിലും പാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ പോലീസ് പിടിയിലാവുകയും ചെയ്തിരുന്നു. നിലവില്‍ നെല്ലിയമ്പലം കൊലപാതകവുമായി ബദ്ധപ്പെട്ട പ്രതി പോലീസിനെ നന്നായി വട്ടം കറക്കുന്നുണ്ട് എന്ന് തന്നെ പറയണം. നാളിതുവരെ ആയിട്ടും കേസിന് പ്രതിയെക്കുറിച്ച് തെളിവോന്നും ലഭിക്കാത്ത സാഹചര്യത്തില്‍ എന്താവും ഇനി അന്വേഷണത്തിന്റെ പുരോഗതി എന്ന് കണ്ട്് തന്നെ അറിയണം. എന്തായാലും പ്രതിയെ കണ്ടെത്താന്‍ പോലീസ് കടുത്ത പരിശ്രമത്തില്‍ തന്നെയാണ് .