മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹമായ ബിസിനസ് ഇടപാടെന്ന് ഹൈബി ഈഡൻ എം.പി

മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹമായ ബിസിനസ് ഇടപാടാണെന്ന് എറണാകുളം ഹൈബി ഈഡൻ എം.പി ആരോപിച്ചു. സാമ്പത്തിക ക്രമക്കേടുകൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സൂചനകളുണ്ടെന്നും, ഇതിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്െന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്റോ അഗസ്റ്റിന്റെ നിലപാട് സംശയാസ്പദമാണെന്നും ഹൈബി പറഞ്ഞു. സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നതായി അദ്ദേഹം ആരോപിച്ചു.
മെസിയുടെ കൊച്ചി സന്ദർശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെക്കുറിച്ചും, തുടര്‍ന്നുണ്ടായ നടപടികളെയും കുറിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. “കളങ്കിതരുമായി ബന്ധമില്ലെന്ന് നേരത്തെ പറഞ്ഞ സര്‍ക്കാര്‍ തന്നെ മുട്ടിൽ മരംമുറി കേസിലെ പ്രതികളെ സ്പോൺസറാക്കി. ഇത് സംശയങ്ങൾ കൂടുതൽ ശക്തമാക്കുന്നുണ്ട്,” എന്നും എം.പി ചൂണ്ടിക്കാട്ടി.
ജിസിഡിഎയും സ്പോൺസറും തമ്മിൽ ഒപ്പുവെച്ച കരാർ എന്താണ്, അതിലെ വ്യവസ്ഥകൾ എന്തൊക്കെയാണ് എന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. “സ്റ്റേഡിയം കൈക്കലാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിൽ ഗൂഢാലോചന നടന്നിട്ടുണ്ട്; അതിനാൽ സമഗ്ര അന്വേഷണം വേണം,” എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള രാജിവെക്കണമെന്നും ഷിയാസ് ആവശ്യപ്പെട്ടു.
അതേസമയം, സ്പോൺസറുടെ നിലപാടിനെയും സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് സര്‍ക്കാര്‍ ഇതുവരെ മറുപടി നൽകിയിട്ടില്ല. മെസിയും അർജന്റീന ടീമും ഈ വർഷം കൊച്ചിയിലേക്ക് എത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെയാണ് സ്റ്റേഡിയം നവീകരണത്തിനെന്ന പേരിൽ പൊളിച്ചിട്ടതെന്നും, ഇപ്പോൾ സ്റ്റേഡിയം പഴയപടി പുനഃസ്ഥാപിക്കുമോ എന്നതിലും വ്യക്തതയില്ലെന്നും ആരോപണം. കരാർ വ്യവസ്ഥകളും സ്പോൺസറെ തെരഞ്ഞെടുത്ത പ്രക്രിയയും സംബന്ധിച്ച് സർക്കാർ മറുപടി പറയേണ്ട സമയമാണെന്ന് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലാണ്.
Tag: Hibi Eden MP says mysterious business deal took place in Kerala in Messi’s name



