Kerala NewsLatest News

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്, ധനിഷ്ത പോയത് അഞ്ച് പേര്‍ക്ക് ജീവനേകി

ന്യൂഡല്‍ഹി: ധനിഷ്ത…ലോകത്ത് അവയവം ദാനം ചെയ്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ മാലാഖ….നമ്മള്‍ കൈ കൂപ്പണം ധനിഷ്തയുടെ മാതാപിതാക്കളുടെ ഈ മനക്കട്ടിക്ക് മുന്‍പില്‍. മരണത്തിലും അഞ്ചുപേര്‍ക്ക് ജീവനേകിയാണ് കുഞ്ഞു ധനിഷ്ത മടങ്ങിയത്. ഡല്‍ഹി രോഹിണി സ്വദേശികളായ അനീഷ് കുമാര്‍-ബബിത ദമ്പതികളുടെ മകളായ ഈ ഇരുപതുമാസക്കാരിയുടെ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ മരണക്കിടക്കയില്‍ കഴിയുന്ന അഞ്ച് പേര്‍ക്കാണ് ജീവനേകുന്നത്. രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ധനിഷ്തയെ മരണം കവര്‍ന്നത്.

കഴിഞ്ഞ ജനുവരി എട്ടിനാണ് കളിക്കുന്നതിനിടെ ഒന്നാംനിലയിലുള്ള വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ധനിഷ്ത താഴേക്ക് വീണത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബോധം വീണ്ടെടുത്തിരുന്നില്ല. ജനുവരി 11ന് കുട്ടിയുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ‘ആശുപത്രിയില്‍ കഴിയേണ്ടി വന്ന ദിവസങ്ങളില്‍ അവയവങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി ആളുകള്‍ മരണപ്പെടുന്നത് കണ്ടിരുന്നു. ഡോക്ടറോട് ചോദിച്ചപ്പോള്‍ അവയവദാതാക്കളുടെ ദൗര്‍ലഭ്യം ഉണ്ടെന്നാണ് പറഞ്ഞത്. മകള്‍ തിരികെ വരുമെന്ന എല്ലാ പ്രതീക്ഷയും അവസാനിച്ചതോടെ അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു’. ധനിഷ്തയുടെ പിതാവ് അനീഷ് കുമാര്‍ പറയുന്നു.

തങ്ങളുടെ കുഞ്ഞുമാലാഖ പോയതിന്റെ തീവ്രവേദനയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സ്വയം സന്നദ്ധരാവുകയായിരുന്നു. തങ്ങളുടെ മകളിലൂടെ കുറച്ച് പേര്‍ക്ക് ജീവിതം നല്‍കാമെന്ന ആഗ്രഹത്തിലാണ് ഇതിന് അവര്‍ തയ്യാറായത്. ധനിഷ്തയുടെ ഹൃദയം, വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നിവയെല്ലാം ദാനം ചെയ്തു. അഞ്ചുമാസം മാത്രം പ്രായം ഉള്ള കുരുന്ന് ഉള്‍പ്പെടെ അഞ്ചു പേരിലൂടെ ധനിഷ്തയുടെ അവയവങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും.

അവയവദാനത്തെ പറ്റി നിലനില്‍ക്കുന്ന മിഥ്യാധാരണകള്‍ സംബന്ധിച്ചും പ്രതികരിച്ച കുമാര്‍, ഇത്തരം ചിന്തകള്‍ മാറ്റി ആളുകള്‍ അവയവദാനത്തിന് സന്നദ്ധത കാണിക്കണമെന്നും അറിയിച്ചു. ‘അവയവം ദാനം ചെയ്തവര്‍ അടുത്ത ജന്മത്തില്‍ ആ അവയവങ്ങള്‍ ഇല്ലാതെ ജനിക്കുമെന്ന തരത്തില്‍ ചില മിഥ്യാധാരണകള്‍ നിലവിലുണ്ട്. അത്തരം കാര്യങ്ങളില്‍ വിശ്വസിക്കരുത്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് ചെയ്യണം’. കുമാര്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ക്ക് മകളെ നഷ്ടമായി. ആ വിധി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ആവശ്യമുള്ളവര്‍ക്ക് മകളുടെ അവയവം ദാനം ചെയ്യാന്‍ ഞങ്ങള്‍ തന്നെ സന്നദ്ധത അറിയിച്ചത്. അവള്‍ ഞങ്ങള്‍ക്കൊപ്പമില്ല എങ്കിലും അവളുടെ അവയവങ്ങള്‍ വഹിക്കുന്നവരിലൂടെ അവള്‍ ജീവിക്കുന്നത് കാണാന്‍ കഴിയും. സന്തോഷവാനാണെന്ന് പറയില്ല പക്ഷെ നിരവധി രോഗികളുടെ ജീവന്‍ രക്ഷപ്പെടാന്‍ കാരണമായ മകളെയോര്‍ക്കുമ്പോള്‍ അഭിമാനമുണ്ട്.. വേദനനിറഞ്ഞ ഓര്‍മ്മകള്‍ ഈ അഭിമാന മുഹൂര്‍ത്തം കൊണ്ട് തരണം ചെയ്യും’ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button