CrimeKerala NewsLatest NewsUncategorized

വിതുര പെൺവാണിഭ കേസ്; ഒന്നാം പ്രതി സുരേഷിന് 24 വർഷം കഠിന തടവും 1,09,000 രൂപ പിഴയും

വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. തട്ടിക്കൊണ്ടുപോയതിനും തടവിൽ പാർപ്പിച്ചതിനും രണ്ട് വർഷം തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പെൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി ശുപാർശ ചെയ്തു.

വിതുര കേസിൽ സുരേഷിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒന്നിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരായ തട്ടിക്കൊണ്ടുപോകൽ, തടവിൽ പാർപ്പിക്കൽ, മറ്റുള്ളവർക്ക് പെൺകുട്ടിയെ കാഴ്ചവയ്ക്കൽ, വേശ്യാലയം നടത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല.

1995 ലാണ് കേസിനാസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്. ഒന്നാം പ്രതി സുരേഷ് ആണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. ചലച്ചിത്ര താരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കേസിന്റെ രണ്ടാംഘട്ട വിചാരണയിൽ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെവിട്ടതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. കേസിന്റെ വിചാരണ വേളയിൽ പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു. ഇതിനിടെ 14 മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപോയി. പിന്നീട് 2019 ജൂണിൽ ഹൈദരാബാദിൽനിന്നാണ് സുരേഷിനെ പോലീസ് പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button