കെ ടി ജലീലിന് തിരിച്ചടി; ബന്ധുനിയമനത്തിലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന ഹര്‍ജി ഹൈകോടതി തള്ളി
ബന്ധുനിയമന വിവാദത്തിലെ കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈകോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി കോടതി തള്ളി. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും ഹൈകോടതി പറഞ്ഞു.
ലോകായുക്ത ഉത്തരവില്‍ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കാതെയാണ് തള്ളിയത്. മന്ത്രിപദത്തില്‍ തുടരാനാവില്ലെന്ന നിര്‍ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്ത വിധിച്ചത്.
മന്ത്രിയെന്ന നിലയില്‍ കെ ടി ജലീലിന്റെ പ്രവൃത്തി ന്യായീകരിക്കാനാവില്ല. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് തോമസ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. എന്നാല്‍ ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. ലോകായുക്ത വിധി വന്നതിനു പിന്നാലെ കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.