തോമസ് പോണാൽ പോകട്ടെ, കോണ്ഗ്രസിന് പ്രശ്നമേയില്ല.

കൊച്ചി/ കോണ്ഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ മട്ടിലായ മുതിർന്ന നേതാവ് കെ.വി. തോമസ് പാർട്ടി വിടുമെന്ന വാർത്തകൾ പുറത്ത് വന്നതോടെ തോമസ് പോയാൽ പോകട്ടെ എന്ന നിലപാടാണ് കോൺഗ്രസിന്. അത് കൊണ്ട് തന്നെ തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പോലും വേണ്ട എന്നാണ് കോണ്ഗ്രസ് തീരുമാനം. പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ വന്നിരിക്കെ അതിനു തോമസ് തന്നെ മറുപടി പറയട്ടെ എന്നാണു കോൺഗ്രസ് നേതൃത്വം പറയുന്നത്.
തോമസുമായി വളരെ അടുപ്പം ഉണ്ടായിരുന്ന മുതിർന്ന നേതാവ് എ.കെ. ആന്റണിക്കും, ഉമ്മൻചാണ്ടിക്കും ഇതേ നിലപാട് തന്നെ. ഇനി തോമസിന് സഹായമായി നില കൊണ്ടാൽ തങ്ങൾക്കത് ബാധിക്കുമെന്നും അവർ ഭയക്കുന്നുണ്ട്. തോമസിന് ഏറെ അടുപ്പമുള്ള ഉമ്മൻ ചാണ്ടിയും പ്രശ്നത്തിൽ ഇടപെടാൻ തയ്യാറാകാത്തതും അതുകൊണ്ടുതന്നെയാണ്.ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ച തനിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് നൽകണമെന്നാണ് തോമസിന്റെ ഇപ്പോഴുള്ള ആവശ്യം. ഹൈക്കമാറ്റിന്റെ നിലപാടുകളും സംസ്ഥാന യുത് കോൺഗ്രസിന്റെ നിലപാടുകളും വെച്ച് നോക്കുമ്പോൾ തോമസിന്റെ മോഹം നടക്കാനിടയില്ല. ഇതിനാലാണ് പല നേതാക്കളും തോമസ് വിഷയത്തിൽ ഇടപെടാൻ മടിക്കുന്നതിന്റെ മുഖ്യ കാരണം.
തന്റെ നിലപാട് വ്യക്തമാക്കാൻ ശനിയാഴ്ച മാധ്യമങ്ങളെ കാണുമെന്നാണ് തോമസ് ഒടുവിൽ പറഞ്ഞിരിക്കുന്നത്. വലിയ പ്രഖ്യാപനമൊന്നും നടത്തില്ലെന്നും പാർട്ടി വിടാൻ അദ്ദേഹം തയാറാകില്ലെന്നുമാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോൺഗ്രസ് സീറ്റ് പ്രഖ്യാപനം വരെ തോമസ് കരുതലോടെ നീങ്ങുമെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. എറണാകുളം ലോക്സഭാ സീറ്റ് നിഷേധിച്ചതു മുതൽ തോമസ് അസ്വസ്ഥനാണ്. അതൃപ്തി പരിഹരിക്കാൻ യുഡിഎഫ് കൺവീനർ സ്ഥാനവും കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനവും തോമസിന് വാഗ്ദാനം ചെയ്തു നോക്കിയിരുന്നു. ഏറ്റവും ഒടുവിൽ പാർട്ടി മുഖപത്രമായ വീക്ഷണത്തിന്റെയും ചാനലായ ജയ്ഹിന്ദിന്റെയും ചുമതല നല്കിയെങ്കിലും തോമസ് സ്വീകരിക്കാൻ കൂട്ടാക്കിയില്ല.