ഇത് എന്റെ സക്കാത്ത്; 400 മെട്രിക് ടൺ ഓക്സിജൻ നാഗ്പൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്യാരെ ഖാൻ
നാഗ്പൂർ: തന്റെ സക്കാത്ത് വിഹിതം നൂറുകണക്കിനാളുകളുടെ ജീവൻ രക്ഷിക്കാനായി നൽകി ഒരു മനുഷ്യൻ. നാഗ്പൂരിലെ പ്രമുഖ
ട്രാൻസ്പോർട്ടറായ പ്യാരെ ഖാനാണ് ആ മഹാമനുഷ്യൻ. 400 മെട്രിക് ടൺ ഓക്സിജനാണ് 85 ലക്ഷം രൂപ ചെലവിട്ട് നാഗ്പൂരിലെ സർക്കാർ ആശുപത്രികൾക്ക് അദ്ദേഹം എത്തിച്ചു നൽകിയത്.
ഓക്സിജൻ നൽകിയ വകയിലുള്ള കുടിശ്ശിക തരാമെന്ന് സർക്കാർ ആവർത്തിച്ചുപറഞ്ഞെങ്കിലും ആ തുക തനിക്ക് വേണ്ടെന്നായിരുന്നു പ്യാരെ ഖാൻ പറഞ്ഞത്. വിശുദ്ധ റമദാൻ മാസത്തിൽ ഇത് ചെയ്യുകയെന്നത് തന്റെ കടമയാണെന്നും സക്കാത്തായാണ് താൻ ഇതിനെ കണക്കാക്കുന്നതെന്നും പ്യാരെ ഖാൻ പറയുന്നു.
ഇതൊരു പ്രതിസന്ധി ഘട്ടമാണ് എല്ലാ സമുദായത്തിലുള്ളവർക്കും ജീവവായു എത്തിക്കുകയെന്നത് ഒരു സേവനം കൂടിയാണ്, പ്യാരെ ഖാൻ പറയുന്നു. ആവശ്യം വരികയാണെങ്കിൽ ബ്രസൽസിൽ നിന്ന് എയർലിഫ്റ്റിലൂടെ ടാങ്കറുകൾ എത്തിക്കാൻ ശ്രമിക്കാമെന്നും പ്യാരെ ഖാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവിടങ്ങളിൽ ഓഫീസുകളും ഇന്ത്യയിലുടനീളം 2,000 ട്രക്കുകളുടെ ശൃംഖലയുണ്ട് പ്യാരെ ഖാന്.