ഗൂഢാലോചനയ്‌ക്ക് പിന്നില്‍ സി പി എം നേതാവെന്ന് കെ സുധാകരന്‍, മകനെ വെട്ടിയത് കണ്‍മുന്നില്‍ വച്ചെന്ന് പിതാവ്
കണ്ണൂര്‍: കണ്ണൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ സി പി എം ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി കെ സുധാകരന്‍ എം പി. സി പി എം നേതാവ് പാനോളി വത്സനാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കൊലയില്‍ പങ്കില്ലെന്നാണ് സി പി എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പ്രതികരണം. മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് കൊലയാളികള്‍ മകനെ വെട്ടിക്കൊന്നതെന്ന് മന്‍സൂറിന്റെ പിതാവ് മുസ്‌തഫ പറഞ്ഞു. തന്റെ കണ്‍മുമ്ബിലാണ് എല്ലാം നടന്നത്. വീട്ടിലേക്ക് വരുന്ന ജംഗ്ഷനിലായിരുന്നു സംഭവം. രാത്രിയില്‍ ഒച്ചയും ബഹളവും കേട്ടാണ് വീട്ടില്‍ നിന്നും ഇറങ്ങി ചെന്നത്. കാലിന് അടുത്തായാണ് ബോംബ് പൊട്ടിയതെന്നും മുസ്‌തഫ പറയുന്നു.
മരിച്ച മകന്‍ മന്‍സൂര്‍ മുസ്ലീം ലീഗ് അനുഭാവിയാണ്. തന്റെ കുടുംബത്തില്‍ എല്ലാവരും ലീഗ് അനുഭാവികളാണ്. മൂത്തമകനായ മുഹ്സിനാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പോയത്. എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്‌തത് എന്നറിയില്ല. വലിയ കശപിശ നടന്നത് കൊണ്ട് അതൊക്കെ തീര്‍ന്ന് ആള്‍ക്കാരെ മാറ്റി അഞ്ച്-പത്ത് മിനിറ്റ് കഴിഞ്ഞാണ് മന്‍സൂറിനെ കൊണ്ടുപോയത്. ആദ്യം തലശേരിയിലും പിന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി. രണ്ട് മൂന്ന് പേര്‍ ചേര്‍ന്ന് മുഹ്സിനെ തല്ലുന്നത് കണ്ടാണ് താനും മന്‍സൂറും അങ്ങോട്ട് ചെന്നത്. ഞങ്ങള്‍ പോയി കുട്ടികളെയെല്ലാം പിടിച്ചു മാറ്റി. അതിനിടയിലാണ് ആരോ മന്‍സൂറിനെ വെട്ടിയതെന്ന് മുസ്‌തഫ പറയുന്നു.