ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കിനാവില്ല: യാക്കോബായ സഭ
കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരു സഭയായി പോകണമെന്ന ഹൈക്കോടതി നിര്‍ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ. 1934ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരു സഭയായി പോകണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. യാക്കോബായ വിഭാഗം പ്രത്യേക സഭയായിത്തന്നെ നിലനില്‍ക്കുമെന്ന് മാനേജിംഗ് കമ്മിറ്റി യോഗത്തിന് ശേഷം ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലിത്തന്‍ ട്രസ്റ്റി പറഞ്ഞു.
യാക്കോബായ സഭ ഒരിക്കലും കോടതി വിധികള്‍ക്ക് എതിരല്ല. ക്രൈസ്തവ സാക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാകാതെ ഒരുമിച്ചുള്ള ചര്‍ച്ചയ്ക്ക് ഓര്‍ത്തഡോക്‌സ് സഭ ഇതുവരെ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഭാ ഭരണഘടന അനുസരിച്ചാണ് പളളികള്‍ ഭരിക്കപ്പെടേണ്ടതെന്നു കോടതി നിരീക്ഷിച്ചിരുന്നു. ഇത് പിന്തുടരുന്ന ആര്‍ക്കും പളളിയില്‍ പോകാം. അതിനെ തടയാനാകില്ലെന്നും കോടതി നിലപാടെടുത്തു. വിഷയത്തില്‍ യാക്കോബായ സഭയുടെ നിലപാട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചില കാര്യങ്ങള്‍ കോടതിയുടെ നിരീക്ഷണത്തില്‍പ്പെടുന്നില്ല.
സുനഹദോസിന് ശേഷം ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. സര്‍ക്കാരുമായോ ഏത് ഏജന്‍സികളുമായോ ചര്‍ച്ചയ്ക്ക് യാക്കോബായ സഭ തയാറാണ്. നൂറ് വര്‍ഷം പഴക്കമുള്ള കേസാണെന്നും യാഥാര്‍ഥ്യങ്ങളിലേക്ക് ജുഡീഷ്യറിയും ഓര്‍ത്തഡോക്‌സ് സഭയും കണ്ണുതുറക്കണമെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.