ഡ്രൈവിംങ് ടെസ്റ്റ് പരിഷ്‌കരണങ്ങൾക്കെതിരെ ഹൈക്കോടതി; ഗതാഗത കമ്മീഷണറുടെ സർക്കുലർ റദ്ദാക്കി
കേരള ഗതാഗതവകുപ്പിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പുതിയ ഉത്തരവ്. ഗതാഗത കമ്മീഷണർ പുറത്തിറക്കിയ ഡ്രൈവിംങ് ലൈസൻസ് പരീക്ഷ സംബന്ധിച്ച സർക്കുലറുകളും പുതിയ മാർഗനിർദ്ദേശങ്ങളും കോടതി റദ്ദാക്കി. വിവിധ ഡ്രൈവിംങ് സ്കൂൾ ഉടമകൾ സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതി ഈ നടപടി സ്വീകരിച്ചത്.
15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ ഡ്രൈവിംഗ് പരീക്ഷയ്‌ക്ക് ഉപയോഗിക്കരുതെന്ന ഗതാഗത കമ്മീഷണറുടെ നിർദ്ദേശം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പഴയ വാഹനങ്ങൾ പുതിയ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് കമ്മീഷണറുടെ വാദം. എന്നാൽ ഇത് ഏകപക്ഷീയ തീരുമാനമായാണ് നടപ്പാക്കപ്പെട്ടതെന്നും, യുക്തിഹീനമാണെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു.
ഡ്രൈവിംങ് പരിശീലന വാഹനങ്ങളിൽ ഡാഷ്‌ബോർഡ് ക്യാമറ നിർബന്ധമാക്കണമെന്ന നിർദ്ദേശത്തിലും കോടതി പ്രതികരിച്ചു. ഇത്തരമൊരു നിര്‍ദേശം മോട്ടോര്‍ വാഹന നിയമത്തിലും ചട്ടങ്ങളിലും വ്യക്തമല്ലെന്നും, ഇത് ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അധിക സാമ്പത്തികഭാരം ആകുമെന്നുമാണ് ഹർജിക്കാരുടെ അഭിപ്രായം.
ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങൾ കംപ്യൂട്ടറൈസ് ചെയ്യണമെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നതിനുമെതിരെയും ഹർജിക്കാർ വാദിച്ചു. ഇത്തരം ടെസ്റ്റിങ് സംവിധാനങ്ങളുള്ള കേന്ദ്രങ്ങളിൽ പരിശീലനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അനാവശ്യമായ മുൻതൂക്കം ലഭിക്കുമെന്നാണ് അവരുടെ ആശങ്ക.
ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് മിനിമം വിദ്യാഭ്യാസ യോഗ്യത നിർബന്ധമാക്കാനുള്ള നിർദ്ദേശത്തെയും ഹൈക്കോടതി അസാധുവാക്കി. ഇത്തരമൊരു തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ലെന്നും, ഇത് കേന്ദ്ര സർക്കാരിന്റെ പരമാധികാരത്തിലുള്ള വിഷയമാണെന്നുമാണ് ഹർജിക്കാരുടെ വാദം.
Tag: High Court quashes Transport Commissioner’s circular against driving test reforms