കോഴികളെ കൊന്ന് വൈദ്യുതി പോസ്റ്റില്‍ കെട്ടിത്തൂക്കി
വടക്കഞ്ചേരി: വീട്ടില്‍ വളര്‍ത്തിയിരുന്ന കോഴികളെ കൊന്ന് വൈദ്യുതി പോസ്റ്റില്‍ കെട്ടിത്തൂക്കി. വടക്കഞ്ചേരി പാളയം കരിപ്പാലി റോഡില്‍ പാളയം ആണ്ടവന്റെ വീട്ടിലെ കോഴികളെയാണ് ഒരാഴ്ചയോളം പട്ടിണിക്കിട്ട് കഴുത്തറുത്ത് കൊന്ന് കെട്ടിത്തൂക്കിയത്. കോഴികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ഇവയെ പട്ടിണിക്കിട്ടാണ് കൊന്നതെന്ന് കണ്ടെത്തിയത്.
ആണ്ടവന്റെ മകന്‍ സുരേഷ് കുമാറാണ് വിപണിയില്‍ മോഹവിലയുള്ള മുന്തിയ ഇനം കോഴികളെ വളര്‍ത്തുന്നത്. വീടിനോട് ചേര്‍ന്ന് വഴിയരികിലാണ് ഇവയുടെ കൂടുകള്‍. കുറച്ചുദിവസം മുന്‍പ് ആണ്ടവന്റെ വീട്ടിലുണ്ടായിരുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍ ഇനങ്ങളിലുള്ള രണ്ടു നായ്ക്കളെ വിഷം നല്‍കി കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് കോഴികളെ കൂട് തകര്‍ത്ത് കൊണ്ടുപോയി കൊന്നത്.
കഴിഞ്ഞ ഞായറാഴ്ട അര്‍ധരാത്രിയോടെയാണ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. അന്നുതന്നെ കോഴികളെയും കൊണ്ടുപോയിരുന്നു. 17ന് തന്നെ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി. എന്നാല്‍ അന്വേഷണം ഇഴയുകയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞദിവസം വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴികളെ കെട്ടിത്തൂക്കിയ പോസ്റ്റില്‍ നിന്നും മണം പിടിച്ച് പോലീസ് നായ പാളയം പാലം കടന്ന കിഴക്കഞ്ചേരി മെയിന്‍ റോഡിലെത്തി നിന്നു. കോഴികളെ കൊന്ന് കെട്ടി തൂക്കിയ മട്ടില്‍ തന്നേയും കെട്ടിത്തൂക്കുമെന്ന ഭീഷണി കത്തും ഒപ്പമുണ്ടായിരുന്നു. ഒന്നില്‍ കൂടുതല്‍ പേര്‍ ഈ കൃത്യത്തിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്. സിഐ മഹേന്ദ്രസിംഹനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.