താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടങ്ങളുണ്ടോയെന്ന് ഹൈക്കോടതി; 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ സർക്കാരിനോട് നിർദേശം

പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടങ്ങളുണ്ടോയെന്ന് ചോദിച്ച് ഹൈക്കോടതി. ചട്ടങ്ങൾ സംബന്ധിച്ച് 10 ദിവസത്തിനുള്ളിൽ വിശദീകരണം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചു. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കൃത്യമായ ചട്ടങ്ങളുണ്ടോയെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. താത്കാലിക ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തുന്നതിനെതിരെ വിവാദങ്ങൾ നിലനിൽക്കുമ്പോഴാണ് ഹൈക്കോടതിയുടെ ഇടപെടൽ.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ പന്തളം എന്നിവരാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സർക്കാരിനോട് വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.