ആഗോള അയ്യപ്പ സംഗമത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റാണ് ഹർജി നൽകിയത്.
ജസ്റ്റിസുമാരായ വി. രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നത് തടയണമെന്നും, ഇതിനായി ദേവസ്വം ബോർഡ് പണം ചെലവഴിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മതേതര നിലപാട് ഉയർത്തിപ്പിടിച്ച് അധികാരത്തിലെത്തിയ സർക്കാർ മതപരമായ പരിപാടി നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നതാണ് വാദം.
ഇതിനോടൊപ്പം സമാനമായ ആവശ്യങ്ങളുള്ള മറ്റൊരു പൊതുതാൽപര്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും. സെപ്റ്റംബർ 20-ന് പമ്പാ തീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമായിരിക്കും ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്രമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
പരിപാടിയിൽ പ്രവേശനം വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. പങ്കെടുക്കുന്നവർ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദർശനം നടത്തിയവരായിരിക്കണം. കൂടാതെ, ശബരിമല വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെയാണ് മാത്രം പ്രവേശനത്തിന് പരിഗണിക്കുക. 500 വിദേശ പ്രതിനിധികൾക്കും പ്രത്യേക ക്ഷണം നൽകിയിട്ടുണ്ട്.
Tag: High Court to consider petition filed against global Ayyappa sangamam gathering today