keralaKerala NewsLatest News

ഹാൽ എന്ന സിനിമ ഹൈക്കോടതി കാണും; സിനിമയെ എതിര്‍ത്ത് കക്ഷി ചേരാന്‍ താമരശ്ശേരി ബിഷപ്പ്

സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാൽ എന്ന സിനിമ ഹൈക്കോടതി നേരിട്ട് കാണാൻ തീരുമാനിച്ചു. സിംഗിൾ ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് വി.ജി. അരുണ്‍ ഈ തീരുമാനം അംഗീകരിച്ചു. ഹർജിയിലെ കക്ഷികളുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലാണ് കോടതി ചിത്രം കാണുക. സിനിമയുടെ പ്രദർശന തീയതിയും സ്ഥലവും ഹൈക്കോടതി ചൊവ്വാഴ്ച നിശ്ചയിക്കും. സിനിമയെ എതിർത്ത് കക്ഷിയായി ചേരാൻ താമരശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടതും നിർമ്മാതാക്കൾ എതിർത്തില്ല. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കപ്പെടും.

അതേസമയം, ഹാൽ സിനിമയ്‌ക്കെതിരെ കത്തോലിക്ക കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിനിമയുടെ ഉള്ളടക്കം മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നായിരുന്നു കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് കെ.വി. ചാക്കോ നൽകിയ ഹർജിയുടെ പ്രധാന ആരോപണം. ക്രൈസ്തവ സമൂഹത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങളാണെന്ന് ഹർജിയിൽ പറയുന്നു. താമരശ്ശേരി ബിഷപ്പിനെ ലവ് ജിഹാദ് അനുകൂല നിലപാടുള്ളയാളായി ചിത്രീകരിച്ചിരിക്കുന്നത് ബിഷപ്പിന്റെ വ്യക്തിപരമായ യശസ്സിനും രൂപതയ്ക്കും അപകീർത്തിയുണ്ടാക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ആരോപിക്കുന്നു. സിനിമ ദേശവിരുദ്ധ അജണ്ടയുമായി എത്തിയതാണെന്നും സംഘടന ആരോപിച്ചു.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷെയിൻ നിഗമാണ് നായകൻ. ചിത്രത്തിലെ ചില രംഗങ്ങൾ നീക്കം ചെയ്യണമെന്ന് സെൻസർബോർഡ് നേരത്തെ നിർദേശിച്ചിരുന്നു. ബീഫ് ബിരിയാണി രംഗം, ധ്വജപ്രണാമം, ‘സംഘം കാവലുണ്ട്’ എന്ന ഡയലോഗ്, രാഖി പരാമർശങ്ങൾ എന്നിവ ഉൾപ്പെടെ 15 രംഗങ്ങളിൽ മാറ്റം വരുത്തണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടിരുന്നു. ആവശ്യമായ മാറ്റങ്ങൾ വരുത്തിയാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നതായിരുന്നു സിബിഎഫ്സിയുടെ നിലപാട്.

എന്നാൽ, സിനിമയിൽ നഗ്നതയോ അതിക്രമമോ ഇല്ലാത്ത സാഹചര്യത്തിൽ എന്തിനാണ് ‘എ’ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്ന് ചോദിച്ച് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. ജെ.വി.ജെ. പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ഹാൽ സമൂഹത്തിലെ ചില പ്രശ്നങ്ങളെ ചർച്ച ചെയ്യാനുള്ള ശ്രമം മാത്രമാണെന്നായിരുന്നു സംവിധായകന്റെ വിശദീകരണം.

Tag: High Court to watch movie ‘Hal’; Thamarassery Bishop to join opposition to the movie

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button