ഹിജാബ് വിവാദം; കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റും, ഹർജി അവസാനിപ്പിച്ച് ഹെെക്കോടതി

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ട ഹിജാബ് വിവാദത്തിൽ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പരാതിക്കാരിയായ പെൺകുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. കൂടാതെ, ആക്ഷേപം ഉയർന്ന സ്കൂളിനെതിരെ കൂടുതൽ നടപടികൾക്കൊന്നും ഇല്ലെന്ന് സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചു.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ നോട്ടീസിനെതിരെ സെന്റ് റീത്താസ് സ്‌കൂൾ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കേസ് തീർപ്പാക്കിയത്. പ്രശ്‌നം രമ്യമായി പരിഹരിച്ചുകൂടേ എന്ന് ജസ്റ്റിസ് വി.ജി. അരുൺ ചോദിച്ചു. പരാതി പിൻവലിക്കുകയാണെന്നും, സ്‌കൂൾ മാറാൻ കുട്ടി ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ലാറ്റിൻ കാത്തലിക് സമൂഹം അസഹിഷ്ണുക്കളാണെന്ന് പറയുന്നില്ലെന്നും, അവർ രാജ്യത്ത് നിരവധി വിദ്യാലയങ്ങൾ നടത്തുന്നുണ്ടെന്നും അഭിഭാഷകൻ വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിക്ക് ആ സ്കൂളിൽ തുടർന്ന് പഠിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. കുട്ടി മറ്റൊരു സ്കൂളിലേക്ക് മാറാൻ തീരുമാനിച്ച സാഹചര്യത്തിൽ കേസ് ഇനി മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് വ്യക്തമാക്കി കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.
Tag: Hijab controversy; Child will be transferred to another school, High Court dismisses petition



