ഹിജാബ് വിവാദം; മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനുള്ള നിലപാടിൽ പിതാവ്, അടുത്ത പ്രവർത്തിദിനത്തിൽ ടി.സി വാങ്ങും

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തിൽ, മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റാനുള്ള നിലപാടിൽ പിതാവ് ഉറച്ചു. അടുത്ത പ്രവർത്തിദിനത്തിൽ സെന്റ് റീത്താസിൽ നിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി.) വാങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. ഹിജാബ് ധരിച്ച് സ്കൂളിൽ എത്തിയതിനെ തുടർന്ന് പുറത്തുനിര്ത്തപ്പെട്ടതും അതിലൂടെ ഉണ്ടായ വിവാദങ്ങളും മകളിൽ മാനസിക സംഘർഷം സൃഷ്ടിച്ചതിനാൽ ഇനി അവിടെ പഠിക്കേണ്ടതില്ലെന്ന് പിതാവ് വ്യക്തമാക്കി. മകളുടെ സമ്മതത്തോടെയായിരിക്കും സ്കൂൾ മാറ്റമെന്നും പുതിയ സ്കൂളിൽ പഠനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഹിജാബ് ധരിക്കാനുള്ള കുട്ടിയുടെ അവകാശത്തിന് പിന്തുണയാണു സർക്കാർ നിലപാട്. വിദ്യാർത്ഥിക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ ഉത്തരവിനെ സ്റ്റേ ചെയ്യണമെന്ന സ്കൂളിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. എഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഡിഡിഇയുടെ ഈ ഉത്തരവ്. ഹിജാബിന്റെ നിറവും രൂപകൽപ്പനയും സ്കൂൾ തന്നെ നിശ്ചയിക്കാമെന്നും ഡിഡിഇ വ്യക്തമാക്കിയിരുന്നു.
എന്നാൽ തങ്ങൾ സിബിഎസ്ഇ സ്കൂളായതിനാൽ ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ ഡിഡിഇക്ക് അധികാരമില്ലെന്നാണ് സ്കൂൾ വാദിച്ചത്. ഈ വിഷയത്തിൽ സമർപ്പിച്ച ഹർജി അടുത്ത വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. സ്കൂൾ നിയമം പാലിച്ച് വരുന്ന വിദ്യാർത്ഥികളെ സ്വീകരിക്കാൻ തയാറാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സര്ക്കാരിന്റെയും നിയമത്തിന്റെയും നിർദേശങ്ങൾ അനുസരിച്ചാണ് സ്കൂൾ ഇതുവരെ പ്രവർത്തിച്ചുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Tag: Hijab controversy; Father insists on transferring daughter to another school, will get TC on the next working day