ഹിന്ദി അടിച്ചേൽപ്പിക്കില്ല; സംസ്ഥാനത്ത് നിയമനിർമ്മാണ നടപടികളിലേക്ക് തമിഴ്നാട് സർക്കാർ

സംസ്ഥാനത്ത് ഹിന്ദി അടിച്ചേൽപ്പിക്കുന്നത് തടയാനുള്ള നിയമനിർമ്മാണ നടപടികളിലേക്ക് തമിഴ്നാട് സർക്കാർ കടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാത്രി വിദഗ്ധരുമായി അടിയന്തര യോഗം ചേർന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന ഈ ബിൽ, തമിഴ്നാട്ടിലുടനീളം ഹിന്ദി ഭാഷ പ്രചാരം നടത്തുന്ന ഹോർഡിങുകൾ, ബോർഡുകൾ, സിനിമകൾ, പാട്ടുകൾ എന്നിവ നിയന്ത്രിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.
എന്നാൽ, പുതിയ നിയമം ഭരണഘടനാപരമായ പരിധിക്കുള്ളിലായിരിക്കും രൂപപ്പെടുത്തുകയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. “ഞങ്ങൾ ഭരണഘടനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കൽ ഒരിക്കലും അംഗീകരിക്കാനാവില്ല,” എന്ന് മുതിർന്ന ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു.
അതേസമയം, ബിജെപി നേതാവ് വിനോജ് സെൽവം സർക്കാരിന്റെ നീക്കത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. “ഇത് വിഡ്ഢിത്തവും അസംബന്ധവുമായ ശ്രമമാണ്. ഭാഷയെ രാഷ്ട്രീയ ആയുധമാക്കി മാറ്റരുത്,” എന്നും ഡിഎംകെ, ഫോക്‌സ്‌കോൺ നിക്ഷേപ വിവാദത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് ഭാഷാ തർക്കം ഉയർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് മുമ്പ്, 2025–26 ലെ സംസ്ഥാന ബജറ്റിന്റെ ലോഗോയിൽ ദേശീയ രൂപ ചിഹ്നം (₹) മാറ്റി, അതിന് പകരം തമിഴ് അക്ഷരമായ ‘ரூ’ (രു) ഉപയോഗിച്ചതും വിവാദമായിരുന്നു. ഈ തീരുമാനത്തിനെതിരെ ബിജെപി നേതാക്കളും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പ്രതികരിച്ചു. എന്നാൽ, “ദേശീയ ചിഹ്നത്തെ നിരാകരിക്കലല്ല. ഇത് തമിഴ് ഭാഷയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള ശ്രമമാണ്,” എന്ന് ഡിഎംകെ വ്യക്തമാക്കിയിരുന്നു.
Tag: Hindi will not be imposed; Tamil Nadu government to take legislative steps in the state