ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി. ഹിന്ദുജ (85) അന്തരിച്ചു. ലണ്ടനിലെ ഒരു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം വിടവാങ്ങിയത്. നാല് ഹിന്ദുജ സഹോദരന്മാരിൽ രണ്ടാമനായിരുന്നു ഗോപിചന്ദ്. 2023 മെയ് മാസത്തിൽ മൂത്ത സഹോദരൻ ശ്രീചന്ദ് ഹിന്ദുജ അന്തരിച്ചതിനെ തുടർന്ന് ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം അദ്ദേഹം ഏറ്റെടുത്തിരുന്നു.
ഹിന്ദുജ ഗ്രൂപ്പിനെ ആഗോളതലത്തിൽ ഒരു പ്രമുഖ കോർപ്പറേറ്റ് ശക്തിയായി വളർത്തുന്നതിൽ ഗോപിചന്ദ് നിർണായക പങ്കുവഹിച്ചു. ഗ്രൂപ്പിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിലെ ഹിന്ദുജ ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെയും ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. ബ്രിട്ടനിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ഒന്നാണ് ഹിന്ദുജ കുടുംബം. ഗോപിചന്ദിന്റെ സഹോദരന്മാരായ പ്രകാശ് ഹിന്ദുജയും അശോക് ഹിന്ദുജയും ഗ്രൂപ്പിന്റെ മറ്റ് പ്രധാന നേതാക്കളാണ്.
ബിസിനസ് ലോകത്ത് “ജിപി” എന്നറിയപ്പെട്ടിരുന്ന ഗോപിചന്ദ് 1950-ലാണ് കുടുംബ ബിസിനസിൽ ചേർന്നത്. ഇന്തോ-മിഡിൽ ഈസ്റ്റ് വ്യാപാരസ്ഥാപനമായി തുടങ്ങിയ കമ്പനിയയെ ആഗോള തലത്തിലുള്ള ബിസിനസ് സാമ്രാജ്യമായി മാറ്റിയതിൽ അദ്ദേഹത്തിന് വഹിച്ച പങ്ക് വമ്പിച്ചായിരുന്നു. ബോംബെയിലെ ജയ് ഹിന്ദ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിലും റിച്ച്മണ്ട് കോളജിലും നിന്ന് ബഹുമാന ബിരുദങ്ങൾ നേടി.
ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഫിനാൻസ്, ഐടി, ഹെൽത്ത്‌കെയർ, റിയൽ എസ്റ്റേറ്റ്, പവർ, മീഡിയ, വിനോദം തുടങ്ങി പതിനൊന്ന് മേഖലകളിലായി ഹിന്ദുജ ഗ്രൂപ്പ് ബിസിനസ് വ്യാപനം നടത്തി. 1984-ൽ ഗൾഫ് ഓയിലും 1987-ൽ അശോക് ലെയ്ലൻഡും ഏറ്റെടുത്തത് ഗ്രൂപ്പിന്റെ വളർച്ചയിൽ നിർണായകമായ വഴിത്തിരിവുകളായി.
അവിഭക്ത ഇന്ത്യയിലെ സിന്ധിൽ നിന്നാണ് ഹിന്ദുജ കുടുംബത്തിന്റെ ബിസിനസ് യാത്ര ആരംഭിച്ചത്. പരമാനന്ദ് ദീപ്ചന്ദ് ഹിന്ദുജ 1919-ൽ ഗ്രൂപ്പ് സ്ഥാപിച്ചു. പിന്നീട് 1979-ൽ ബിസിനസിന്റെ ആസ്ഥാനം ഇറാനിൽ നിന്ന് ലണ്ടനിലേക്കാണ് മാറ്റിയത്.
Tag: Hinduja Group Chairman Gopichand P. Hinduja passes away



